49 കുടുംബങ്ങള്‍ക്ക് സ്വപ്‌ന ഭവനം ഒരുങ്ങി
വെങ്ങപ്പള്ളി പഞ്ചായത്തില്‍ പുതുക്കുടിക്കുന്നിലെ ആദിവാസി കുടുംബങ്ങള്‍ക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകള്‍ ഒരുങ്ങി.സ്വകാര്യ വ്യക്തിയില്‍ നിന്നും 1.44 കോടി രൂപയ്ക്കു സര്‍ക്കാര്‍ വാങ്ങിയ 7 ഏക്കര്‍ ഭൂമിയിലാണ് വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിര്‍മ്മാണം പുരോഗമിക്കുകയാണ്. അവ പൂര്‍ത്തിയായ ഉടനെ വീടുകള്‍ കൈമാറും.രണ്ടു കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീടൊന്നിനു 6 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.
പ്രളയത്തില്‍ നിരവധി കുടുംബങ്ങള്‍ മാസങ്ങളോളം ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ആശങ്കകളില്ലാതെ കഴിയാന്‍ സാധിക്കുന്ന സുരക്ഷിതവും സൗകര്യപ്രദവുമായ പാര്‍പ്പിടം ആദിവാസി ജനതയ്ക്ക് നല്‍കുമെന്ന സര്‍ക്കാരിന്റെ ഉറപ്പു പാലിക്കപ്പെടുകയാണ് ഇതിലൂടെ.കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ ആ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.