സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ ഈ വര്‍ഷം മുതലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്.
ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. 12ന് ശേഷം സ്റ്റേ നീട്ടാത്തതിനാല്‍ മസ്റ്ററിങ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 60 ശതമാനത്തോളം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി.