മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ആദിവാസി ബാലന്‍ മരിച്ചു
വയറുവേദനയും പനിയും ഛര്‍ദ്ദിയും മൂലം ചികിത്സ തേടിയ ആദിവാസി ബാലന്‍ മരിച്ചു. ഒഴക്കോടി കീച്ചേരി പണിയ കോളനിക്കാരനും ഇപ്പോള്‍ എള്ളുമന്ദം കാക്കഞ്ചേരിയില്‍ താമസക്കാരനുമായ രതീഷ് അനിത ദമ്പതികളുടെ മകന്‍ ജയേഷ് (12) ആണ് മരിച്ചത്.അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ജയേഷിനെ വൈകുന്നേരത്തോടെ ആശുപത്രി അധികൃതര്‍ പറഞ്ഞു വിടുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നു.രാത്രി 7.30 ഓടെ ഒഴക്കോടിയിലെ വീട്ടില്‍ വെച്ച് മരിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.പോസ്റ്റുമാര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.എള്ളു മന്ദം എ .എന്‍ .എം.യു.പി.സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.