സംസ്ഥാനത്തെ 13 നിര്‍ഭയ ഹോമുകള്‍ പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം.സംസ്ഥാനത്ത് ഇനി തൃശൂരിലെ നിര്‍ഭയ ഹോമുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. ഇതോടെ പോക്സോ കേസ് ഇരകളുടെ പുനരധിവാസം പ്രതിസന്ധിയിലാകും. നിലവിലെ സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തില്‍ ചിലവ് കുറക്കാനാണ് പുതിയ തീരുമാനമെന്നാണ് വനിതാ ശിശു വകുപ്പിന്റെ വിശദീകരണം. പൂട്ടുന്ന നിര്‍ഭയ ഹോമുകളിലെ പോക്സോ കേസ് ഇരകളെ തൃശൂരിലേക്ക് മാറ്റും.
ജില്ലാ കേന്ദ്രങ്ങളുടെ ഭൗതിക സാഹചര്യം മോശമാണെന്നും മികച്ച സൗകര്യമുള്ള തൃശൂരിലെ സുരക്ഷിത കേന്ദ്രത്തിലേക്കാണ് ഇരകളെ മാറ്റുന്നതെന്നും സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ വിശദീകരിച്ചു.
2012 ലാണ് സര്‍ക്കാര്‍ പത്തനംതിട്ട ഒഴികയുള്ള ജില്ലകളില്‍ നിര്‍ഭയ ഹോമുകള്‍ സ്ഥാപിച്ചത്. 13 ജില്ലകളിലും നിര്‍ഭയ ഹോമുകള്‍ ഉള്ളതിനാല്‍ പോക്സോ കേസുകളിലെ ഇരകള്‍ക്ക് തങ്ങളുടെ ജില്ലകളില്‍ തന്നെ താമസിക്കാന്‍ സൗകര്യമുണ്ടായിരുന്നു. മികച്ച കൗണ്‍സിലുകളും ഇവിടെനിന്നും ലഭിച്ചിരുന്നു. പുതിയ തീരുമാനത്തോടെ ഇത് അനിശ്ചിതത്തിലാകുകയാണ്. എത്രത്തോളം പേര്‍ തൃശൂരിലേക്ക് മാറാന്‍ സന്നതരാകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു.
പൂട്ടുന്ന ജില്ലകളിലെ നിര്‍ഭയ ഹോമുകള്‍ ഇനി എന്‍ട്രി ഹോമുകളായാണ് പ്രവര്‍ത്തിക്കുക. ഇവിടെ കേസ് രജിസ്റ്റര്‍ ചെയ്ത് അടുത്ത ദിവസങ്ങളില്‍ ഇവരെ തൃശൂരിലേക്ക് മാറ്റും. ജീവനക്കാരെയും ഇത്തരത്തില്‍ വിന്യസിക്കും. 70 ലക്ഷം രൂപ ലാഭിക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് വിശദീകരണം.