ചില്ലുകുപ്പിയില്‍ മദ്യം: സര്‍ക്കാര്‍ പിന്നോട്ട്; കുപ്പികള്‍ കേരളത്തില്‍ എത്തിക്കാന്‍ ചെലവേറും

0

പ്രകൃതിക്കു ദോഷം ചെയ്യുന്നതിനാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യവിതരണം അനുവദിക്കില്ലെന്ന മദ്യനയ തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്നോട്ട്. ജനുവരി 15നു മദ്യക്കമ്പനികളുമായി പുതിയ കരാര്‍ വയ്ക്കാനിരിക്കെ, ഇങ്ങനെയൊരു നിര്‍ദേശം ഉള്‍പ്പെടുത്താന്‍ സാധ്യതയില്ല. മദ്യം നിറയ്ക്കാനുള്ള ചില്ലുകുപ്പികള്‍ കേരളത്തില്‍ നിര്‍മിക്കുന്നില്ലെന്നതും വിദൂര സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുമ്പോള്‍ ചെലവേറുമെന്നതും കണക്കിലെടുത്താണു തല്‍ക്കാലം നിര്‍ദേശം ഒഴിവാക്കുന്നത്.
ഫുള്‍ കുപ്പി (750 എംഎല്‍) മദ്യം ചില്ലുകുപ്പികളില്‍ ആയിരിക്കണമെന്ന തീരുമാനം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയിരുന്നു. ഇക്കാരണത്താല്‍ കേരളത്തിലെ മിക്ക ഉല്‍പാദകരും 750 എംഎല്‍ കുപ്പികള്‍ ഒഴിവാക്കി മറ്റ് അളവുകളിലേക്കു മാറിയിരുന്നു. ഡല്‍ഹിയില്‍ നിന്നോ യുപിയില്‍ നിന്നോ വേണം ചില്ലു കുപ്പികള്‍ കേരളത്തിലെത്തിക്കാന്‍. പ്ലാസ്റ്റിക് കുപ്പിക്ക് 6 രൂപ ചെലവു വരുമ്പോള്‍, ഒരു ചില്ലു കുപ്പി എത്തിക്കുന്നതിന് 20 രൂപയിലധികം ചെലവു വരുമെന്നു മദ്യക്കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചു. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്‍ തിരിച്ചെടുക്കുമ്പോള്‍ വില കിട്ടുമെന്നതിനാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിക്കാന്‍ ആളുണ്ട്. എന്നാല്‍ ചില്ലു കുപ്പികള്‍ ഏറ്റെടുക്കാന്‍ ആളില്ല.
90 ശതമാനം പ്ലാസ്റ്റിക് മദ്യക്കുപ്പികളും ഉപയോഗശേഷം തിരിച്ചെടുക്കുന്നുവെന്നാണു കമ്പനികളുടെ അവകാശവാദം. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ സംഭരിക്കാന്‍ മദ്യക്കമ്പനികളില്‍ നിന്നു പണം ഈടാക്കി നേരത്തേ ക്ലീന്‍ കേരള കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കമ്പനികള്‍ പിന്നോട്ടുപോയതോടെ ക്ലീന്‍ കേരള കമ്പനിയുമായുള്ള കരാര്‍ പുതുക്കിയില്ല. ഇപ്പോള്‍ അസംഘടിത രീതിയില്‍ മാത്രമാണു കുപ്പി സംഭരിക്കല്‍. ഇതിനു കൃത്യമായ സംവിധാനം ഉറപ്പാക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നേക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!