സി- കാറ്റഗറി പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐ മാര്‍ക്ക് മടക്കി നല്‍കാന്‍ ശുപാര്‍ശ

0

സംസ്ഥാനത്തെ സി- കാറ്റഗറി പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐ മാര്‍ക്ക് മടക്കി നല്‍കാന്‍ ശുപാര്‍ശ. നിലവില്‍ ഈ സ്റ്റേഷനില്‍ എസ്.എച്ച്.ഒമാരായി ചുമതല വഹിക്കുന്ന സിഐമാരെ പുനര്‍വിന്യസിക്കും. ഡിജിപിയുടെ ശുപാര്‍ശ എഡിജിപി സമിതിയില്‍ ചര്‍ച്ച ചെയ് ശേഷം സര്‍ക്കാരിന് കൈമാറും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും ചുമതല എസ്‌ഐമാരില്‍ നിന്നും സര്ക്കിള്‍ ഇന്‍സ്പക്ടര്‍മാരിലേക്ക് മാറ്റിയിരുന്നു.

എല്ലായിടത്തും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇപ്പോള്‍ സിഐമാരാണ്. എന്നാല്‍ കേസുകള്‍ കുറവുള്ള സ്റ്റേഷനുകളുടെ ഭരണം എസ്‌ഐമാരിലേക്ക് മാറ്റണമെന്ന് എഡിജിപി തല യോഗത്തിലാണ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആസ്ഥാന എഡിജിപിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ശുപാര്‍ശ തയ്യാറാക്കിയത്.

വര്‍ഷത്തില്‍ 500 കേസില്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സി-കാറ്റഗറിയില്‍പ്പെട്ട സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാര്‍ക്ക് നല്‍കാനാണ് തീരുമാനം. സി-കാറ്റഗറിയില്‍ 106 സ്റ്റേഷനുകളാണ് ഉള്ളത്. ഇവയില്‍ 60 സ്റ്റേഷനുകളുടെ ചുമതലയാണ് ഒന്നാം ഘട്ടത്തില്‍ മാറ്റുന്നത്. ബാക്കി സ്റ്റേഷനുകളില്‍ രണ്ട് എസ്‌ഐമാരെ വീതം നിയമിച്ച ശേഷം ചുമതല മാറ്റും. ഡിജിപിയുടെ സര്‍ക്കുലര്‍ പ്രകാരം പോക്‌സോ, സംഘടിത ആക്രമണം എന്നിവ അന്വേഷിക്കേണ്ടത് ഇന്‍സ്‌പെക്ടറാണ്. എസ്‌ഐക്ക് ചുമതല കൈമാറുന്ന സ്റ്റേഷനകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ ഡിവൈഎസ്പിമാരോ, ജില്ലാ ക്രൈം ബ്രാഞ്ചിലെ സിഐമാരോ അന്വേഷിക്കും.

സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കുന്ന ഇന്‍സ്‌പെക്ടര്‍മാരെ ജില്ലാ ക്രൈം ബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എ.ആര്‍. ക്യാമ്പ് എന്നിവടങ്ങളില്‍ വിന്യസിക്കും. ഇന്‍സ്‌പെക്ടമാരുടെ സേവനം കെട്ടി കിടക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കും. പൊലീസ് ആസ്ഥാനം തയ്യാറാക്കിയ ശുപാര്‍ശ എഡിജിപി തല സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും സര്‍ക്കാരിലേക്ക് നല്‍കുക. സ്റ്റേഷന്‍ ചുമതലയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കുന്നതില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ എതിര്‍പ്പ് തള്ളിയാണ് ഡിജിപി ശുപാര്‍ശ തയ്യാറാക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!