ആറ് ആശുപത്രികള്‍ക്ക് കൂടി എന്‍ക്യൂഎഎസ് അംഗീകാരം

0

കേരളത്തിലെ ആറ് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യൂഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനിടയിലും സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ രാജ്യത്ത് തന്നെ മികച്ചതായി മാറിയിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കിട്ടിയ ഈ നേട്ടം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും മന്ത്രി വ്യക്തമാക്കി.

95.8 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മാട്ടൂല്‍ പ്രാഥമികാരോഗ്യ കേന്ദ്രം, 95.3 ശതമാനം സ്‌കോറോടെ കൊല്ലം ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രം, 93.5 ശതമാനം സ്‌കോറോടെ കോഴിക്കോട് പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം, 92.9 ശതമാനം സ്‌കോറോടെ കോട്ടയം വാഴൂര്‍ കുടംബാരോഗ്യ കേന്ദ്രം, 92.1 ശതമാനം സ്‌കോറോടെ കണ്ണൂര്‍ മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം, 83.3 ശതമാനം സ്‌കോറോടെ മലപ്പുറം വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യൂഎഎസ് ബഹുമതി നേടുന്നത്. ഇതോടെ സംസ്ഥാനത്തെ 80 സ്ഥാപനങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. മൂന്ന് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, അഞ്ച് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആറ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 62 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്.

ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്താണ് 99 ശതമാനം സ്‌കോര്‍ കരസ്ഥമാക്കിയ തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രവും കാസര്‍കോട് കയ്യൂര്‍ സ്മാരക കുടുംബാരോഗ്യ കേന്ദ്രവും.

സര്‍വ്വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.

ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍എച്ച്എസ്ആര്‍സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്.

ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷകാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും.

Leave A Reply

Your email address will not be published.

error: Content is protected !!