ജില്ലയിലെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കുമെന്നും ചുരുങ്ങിയത് 10 സെന്റ് ഭൂമിയും വീടും മികച്ച ജീവിത നിലവാരവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതെന്നും പട്ടികജാതി-പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു.
പട്ടികവര്‍ഗ വികസന വകുപ്പ് കൊളറാട്ടുകുന്ന്, കാപ്പിസെറ്റ് എന്നീ ഉന്നതികളിലെ പുനരധിവാസ പദ്ധതിയിലുള്‍പ്പെടുത്തി ഭവനരഹിതരായ 44 കുടുംബങ്ങള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ വിതരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കൊളറാട്ടുകുന്നിലെ 1.31 ഹെക്ടര്‍ ഭൂമിയില്‍ 66.67 ലക്ഷം രൂപ ചെലവഴിച്ച് 29 കുടുംബങ്ങള്‍ക്കും കാപ്പിസെറ്റ് ഉന്നതിയിലെ 1.181 ഹെക്ടര്‍ ഭൂമിയില്‍ 44 .48 ലക്ഷം രൂപ വകയിരുത്തി 15 കുടുംബങ്ങള്‍ക്കുമാണ് വീടുകൾ നിര്‍മ്മിച്ചത്.
വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയാണ് ജില്ലാ നിര്‍മ്മിതി കേന്ദ്രം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, പട്ടിക വർഗ വികസന ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ ജി പ്രമോദ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കൾ എന്നിവര്‍ പങ്കെടുത്തു.