കമ്പളക്കാട് പറളിക്കുന്ന് അബ്ദുള്‍ ലത്തീഫിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ കൂടി അറസ്റ്റില്‍. നേരത്തെ അറസ്റ്റിലായ ലത്തീഫിന്റെ രണ്ടാം ഭാര്യ ജെസ്നയുടെ മാതാവ് ഷാജിറ, മാതാവിന്റെ മാതാവ് ഖദീജ, സഹോദരന്‍ നൗഷാദ്, നൗഷാദിന്റെ ഭാര്യ മൈമുന എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. 2020 ലാണ് ലത്തീഫിനെ ദുരൂഹ സാഹചര്യത്തില്‍ ഭാര്യയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം കരിപ്പൂര്‍ സ്വദേശി കിളിനാട്ട് അബ്ദുല്‍ ലത്തീഫി (48) ന്റെ മരണമാണ് കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞിരുന്നു.
ഭാര്യ പറളിക്കുന്ന് വടത്തൊടിക ജസ്ന (29), സഹോദരന്‍ ജംഷാദ് (26) എന്നിവരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. മുട്ടില്‍ പറളിക്കുന്നിലെ ഭാര്യ വീട്ടില്‍ പുലര്‍ച്ചെ മരിച്ച നിലയില്‍ ലത്തീഫിനെ കണ്ടെത്തുകയായിരുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസം രാത്രി വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് അബ്ദുല്‍ ലത്തീഫിനെ ചലനമില്ലാത്ത നിലയില്‍ കണ്ടെത്തിത്.
കല്‍പ്പറ്റ പോലീസെത്തി ലത്തീഫിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലത്തീഫിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നു, വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. മുമ്പ് അബ്ദുല്‍ ലത്തീഫും രണ്ടാംഭാര്യയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ലത്തീഫ് രണ്ടാം ഭാര്യക്ക് പണം കൊടുത്തിരുന്നുവെന്നും വിവാഹ മോചനത്തിന്റെ വക്കിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്ന് പ്രശ്നങ്ങളുണ്ടായിയെന്നുമുള്ള സൂചനകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് 4 പ്രതികള്‍ കൂടി അറസ്റ്റിലായത്.