അവശത അനുഭവിക്കുന്ന വന്യമൃഗങ്ങള്‍ക്കായ് ആതുരാലയം
പരുക്കേറ്റതും,പ്രായധിക്യത്താല്‍ അവശത അനുഭവിക്കുന്നതുമായ വന്യമൃഗങ്ങള്‍ക്കായി വനംവകുപ്പ് ഒരുക്കുന്ന ആതുരാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഉദ്ഘാടനം 26ന്. കടുവ,പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ക്കായാണ് കേന്ദ്രമൊരുക്കിരിയിക്കുന്നത്. കേരളത്തിലാദ്യമായാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഒരുകോടി രൂപ ചെലവഴിച്ച് വയനാട് വന്യജീവിസങ്കേതത്തിലെ നാലാംമൈല്‍ പച്ചാടി വനമേഖലയിലാണ് കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചിലെ പച്ചാടിയിലാണ് വന്യമൃഗങ്ങള്‍ക്കായി പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട വനലക്ഷ്മി കുരുമുളക് പദ്ധതി പ്രദേശത്താണ് ഒരു കോടി രൂപമുടക്കി കടുവ, പുലി അടക്കമുള്ളവയുടെ സംരക്ഷണത്തിനായി കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. കേന്ദ്രത്തിനെ ഉല്‍ഘാടനം ഈ മാസം 26ന് രാവിലെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. പിടികൂടുന്ന മൃഗങ്ങളെ സംരക്ഷിക്കതിന്നായി കേന്ദ്രത്തില്‍ ഇരുഭാഗങ്ങളിലുമായി രണ്ട് റൂമുകള്‍ വീതമാണുള്ളത്. ഈ റൂമുകളോട് ചേര്‍ന്ന് 500 ചതുരശ്ര അടിവരുന്നതും ചുറ്റിലും ചെയിന്‍ഫെന്‍സിംഗില്‍ സുരക്ഷതമാക്കിയതുമായ പ്രദേശവും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രത്തിനുചുറ്റും സംരക്ഷണാര്‍ഥം കിടങ്ങും നിര്‍മ്മിച്ചിട്ടുണ്ട്. ഇതിനോടൊപ്പം ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാട്ടേഴ്സുകളും ഇവിടെയെത്തിക്കുന്ന മൃഗങ്ങള്‍ക്കുള്ള ഭക്ഷണം സംഭരിച്ചുവെക്കുതിനുള്ള സ്റ്റോറേ്ജ് റൂം, മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഈ കേന്ദ്രത്തില്‍ കടുവ, പുലി അടക്കമുള്ള നാല് മൃഗങ്ങളെവരെ ഒരേസമയം സംരക്ഷിക്കാനാകും. പരസ്പരമുള്ള സംഘട്ടനത്തില്‍ പരുക്കേറ്റ് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി ഭീതിപരത്തുന്നതും, പ്രായധിക്യാത്താല്‍ പുറത്തിറങ്ങുതുമായ കടുവ, പുലി എന്നിവെയാണ് പിടികൂടി ഇവിടെയെത്തിക്കുക. തുടര്‍ന്നു സുഖംപ്രാപിച്ച ശേഷം ആരോഗ്യനില അനുസരിച്ച് ഒന്നുകില്‍ മൃഗശാലയിലേക്ക് മാറ്റുകയോ, അല്ലങ്കില്‍ വനത്തില്‍ തന്നെയോ തുറന്നുവിടുകയുമാവും ചെയ്യുക.