പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാത്തതില്‍ വിശദീകരണം തേടി ഹൈക്കോടതി. എന്തുകൊണ്ടാണ് ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തതെന്ന് വ്യക്തമാക്കി ജിഎസ്ടി കൗണ്‍സില്‍ പത്തുദിവസത്തിനകം വിശദീകരണ പത്രിക നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്തെല്ലാം കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തീരുമാനമെടുത്തതെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രതിഷേധ പരിപാടികളും ആഘോഷങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിശദമായ മറുപടി അറിയിക്കാന്‍ സര്‍ക്കാരിനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പൊതുതാല്‍പര്യ വിഷയത്തില്‍ സ്വകാര്യ അന്യായം നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി ഹരജി നിലനില്‍ക്കില്ലെന്നും ആയിരുന്നു സര്‍ക്കാര്‍ വാദം. ഹരജി പരിഗണിക്കുന്നത് ഈ മാസം 22ലേക്ക് മാറ്റിയിരിക്കുകയാണ്.
എറണാകുളം സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ കെഒ ജോണിയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. റോഡ് ഉപരോധം സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗത്വം റദ്ദാക്കണം, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ്, സിപിഐഎം, ബിജെപി, ലീഗ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.