കേരളത്തില്‍ ദുരന്ത നിവാരണ സാക്ഷരത അനിവാര്യം

0

കേരളത്തിലെ ജനങ്ങള്‍ക്ക് ദുരന്തനിവാരണ സാക്ഷരത ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെയും(നവംബർ 4) ഇന്നുമായി നടന്നു വരുന്ന ജൈവ-പരിസ്ഥിതി അധിഷ്ഠിത ദുരന്ത ലഘൂകരണ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രകൃതി ക്ഷോഭങ്ങളെ നമുക്ക് നിയന്ത്രിക്കാനാവില്ലെങ്കിലും അതു വഴിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങളെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുന്നതിന് നമുക്ക് കഴിയും. അതു പോലെ തന്നെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ശാസ്ത്രിയമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതുണ്ട്. ഇതിന് ഏറ്റവും ആവശ്യം ദുരന്ത സാധ്യതകളെ കുറിച്ചും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള അറിവ് ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

വര്‍ധിച്ചു വരുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന പദ്ധതികള്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഉള്‍ച്ചേര്‍ക്കുന്നതിനു ബോധപൂര്‍വ്വമായ ഇടപെടല്‍ ആവശ്യമാണെന്ന് മനസിലാക്കിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാനത്തെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ചുമതല വഹിക്കുന്ന വിവിധ വകുപ്പുകള്‍ക്കായി പരിശീലനം ഒരുക്കിയത്. അന്താരാഷ്ട്ര തലത്തില്‍ വിജയിച്ചതും കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കാവുന്നതുമായ മാതൃകകള്‍ പരിചയപ്പെടുത്തുകയും പദ്ധതിയാസൂത്രണത്തില്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്താന്‍ വേണ്ട ഇടപെടലുകള്‍ ചര്‍ച്ച ചെയ്യാനും വിഭാവനം ചെയ്യാനും ഉതകുന്ന രീതിയിലാണ് ദ്വിദിന പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.

ലാന്‍ഡ് റവന്യു കമ്മീഷണര്‍ കെ. ബിജു അധ്യക്ഷത വഹിച്ചു. മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വത്സല കുമാരി മുഖ്യപ്രഭാഷണം നടത്തി. സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി. സുധീര്‍, കെ.എസ്.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്‍, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്, കെ.എസ്.ഡി.എം.എ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ് തുടങ്ങിയവർ സംസാരിച്ചു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയുടെ വിവിധ സെഷനുകളിലായി ഐക്യരാഷ്ട്രസംഘടന പരിസ്ഥിതി പ്രോഗ്രാം ദുരന്തലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മരുകുടി, പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ സുനിൽ പനീതി, വിനോദ് കുമാര്‍, സഞ്ജയ് ദേവ്‌കൊണ്ട, ജി.എസ് പ്രദീപ് , ഡോ. പ്രതീഷ് സി. മാമ്മന്‍ എന്നിവരാണ് ക്‌ളാസ്സുകള്‍ നയിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!