ഇന്നച്ചന്‍ യാത്രയായി..

0

മലയാളികളെ എന്നും ചിരിപ്പിച്ച ഇന്നസന്റിന് കേരളത്തിന്റെ കണ്ണീര്‍ പ്രണാമം. നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസതിയിലെ പൊതുദര്‍ശനത്തിനുശേഷം വിലാപയാത്രയായാണ് ഭൗതികദേഹം പള്ളിയിലെത്തിച്ചത്. ഞായറാഴ്ച രാത്രി 10.30ന് എറണാകുളം ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ വിയോഗം.സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നാടക പ്രവര്‍ത്തകനും സുഹൃത്തുമായ ലാസര്‍ മാമ്പുള്ളിയുടെ കല്ലറയ്ക്കടുത്താണ് ഇന്നസെന്റിനും കല്ലറ ഒരുങ്ങിയത്.കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വച്ചശേഷം ഭൗതികദേഹം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. കടവന്ത്രയില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ടൗണ്‍ ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു. സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് ആളുകളാണ് ഇരിങ്ങാലക്കുടയിലേക്ക് പ്രിയപ്പെട്ട കലാകാരനെയും സഹപ്രവര്‍ത്തകനെയും കൂട്ടുകാരനെയും കാണാനെത്തിയത്.ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് മൃതദേഹം ഇന്നസെന്റിന്റെ വീടായ പാര്‍പ്പിടത്തില്‍ എത്തിച്ചത്. രാത്രി ഏറെ വൈകിയും അതിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ വീട്ടിലേക്ക് എത്തി.സിനിമാതാരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി , വിജയരാഘവന്‍, കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍,സലിം കുമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇന്നലെ അന്തിമോപചാരം അര്‍പ്പിക്കാന്‍ വീട്ടിലെത്തിയിരുന്നു.
നൃത്തശാല (1972) ആണ് അദ്ദേഹത്തിന്റെ ആദ്യസിനിമ. 700ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 1989ല്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം (ചിത്രം: മഴവില്‍ക്കാവടി) നേടി. ശ്രദ്ധേയമായ ഏതാനും മലയാള സിനിമകളുടെ നിര്‍മാതാവുമാണ്. 2000 മുതല്‍ 2018 വരെ താരസംഘടന അമ്മയുടെ പ്രസിഡന്റ് ആയിരുന്നു. 1979ല്‍ ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലറായ അദ്ദേഹം 2014ല്‍ ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫിന്റെ പി.സി.ചാക്കോയ്‌ക്കെതിരെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!