ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ 6 മാസം നീളുന്ന അതിവേഗ തീര്‍പ്പാക്കല്‍ പദ്ധതി റവന്യു വകുപ്പ് തയാറാക്കി.ആയിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിപ്പിച്ച് എല്ലാ അപേക്ഷകളും തീര്‍പ്പാക്കുന്നതാണു പദ്ധതി. 27 റവന്യു ഡിവിഷനല്‍ ഓഫിസുകളില്‍ ക്ലാര്‍ക്കുമാര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, കൂടുതല്‍ അപേക്ഷകള്‍ വരുന്ന അറുനൂറോളം വില്ലേജുകളില്‍ കൂടുതല്‍ ക്ലാര്‍ക്കുമാര്‍, ഫീല്‍ഡ് പരിശോധനയ്ക്കു വാടക വാഹനങ്ങള്‍, പ്രധാന താലൂക്ക് ഓഫിസുകളില്‍ കൂടുതല്‍ സര്‍വേയര്‍മാര്‍ എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.
ഏകദേശം 50 കോടി രൂപ ചെലവു കണക്കാക്കുന്ന പദ്ധതി ധനവകുപ്പ് അംഗീകരിക്കേണ്ടതുണ്ട്. ലാന്‍ഡ് റവന്യു കമ്മിഷണറുടെ ശുപാര്‍ശയില്‍ മന്ത്രി കെ.രാജന്‍ ചില ഭേദഗതികള്‍ വരുത്തിയിരുന്നു. മുഖ്യമന്ത്രിയും റവന്യു മന്ത്രിയുമായും ചര്‍ച്ച നടന്നതായാണു സൂചന. ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫിസില്‍ 4 സെന്റ് ഭൂമി തരംമാറ്റുന്നതിനു സമര്‍പ്പിച്ച അപേക്ഷയില്‍ അനുമതി ലഭിക്കാതെ വന്നതോടെ സജീവന്‍ എന്ന മത്സ്യത്തൊഴിലാളി ജീവനൊടുക്കിയത് അടുത്തിടെയാണ്. ഈ സാമ്പത്തികവര്‍ഷം ഭൂമി തരം മാറ്റം ചെയ്തതിന്റെ ഫീസായി 550 കോടി രൂപയാണു സര്‍ക്കാരിനു ലഭിച്ചത്. അടുത്ത വര്‍ഷം 1000 കോടി രൂപയെങ്കിലും പ്രതീക്ഷിക്കുന്നു.
തീര്‍പ്പാക്കല്‍ നടപടി സങ്കീര്‍ണം
ആര്‍ഡി ഓഫിസുകളില്‍ ഓരോ അപേക്ഷയും തീര്‍പ്പാക്കുന്നതിനു സങ്കീര്‍ണമായ നടപടിക്രമങ്ങളുണ്ട്. അപേക്ഷകന്‍ സമര്‍പ്പിച്ച രേഖകളും വില്ലേജ്, കൃഷി ഓഫിസുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും പരിശോധിച്ചാണ് ആര്‍ഡിഒ തീര്‍പ്പു കല്‍പിക്കുക. ഈ അനുമതിരേഖ താലൂക്ക് ഓഫിസില്‍ നല്‍കി ആവശ്യമെങ്കില്‍ ഭൂമിയുടെ സബ് ഡിവിഷന്‍ നടത്തണം. ഏറ്റവുമൊടുവില്‍ വില്ലേജ് രേഖകളിലും മാറ്റം വരുത്തുന്നതോടെയാണു തരം മാറ്റം പൂര്‍ണമാകുക.