മീഡിയാ വണ്ണിന്റെ ഹര്‍ജി തള്ളി, ചാനലിന് വിലക്ക്

0

 

മീഡിയാ വണ്‍ ടെലിവിഷന്‍ ചാനലിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി ശരിവച്ചു. ചാനലിന് അനുമതി നിഷേധിച്ച കേന്ദ്ര നടപടിയെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് എന്‍ നഗരേഷിന്റെ ഉത്തരവ്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന്റെ സംപ്രേഷണം തടഞ്ഞത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹാജരാക്കിയ ഫയലുകള്‍ പരിശോധിച്ചപ്പോള്‍, വിലക്കിനു കാരണമായി പറയുന്ന കാര്യങ്ങളില്‍ വസ്തുതയുണ്ടെന്നാണ് ബോധ്യപ്പെട്ടതെന്ന് ഉത്തരവില്‍ പറയുന്നു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന്റെ അനുമതി വിലക്കിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചാനലിന്റെ വിലക്കിനു കാരണമായി പറയുന്ന ഇന്റലിജന്‍സ് വിവരങ്ങള്‍ ഉള്ള ഫയലുകള്‍ ഹാജരാക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം ഫയലുകള്‍ ഹാജരാക്കിയത്. ഫയലിലെ വിവരങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്ത് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!