കുറുക്കന്‍മൂലയില്‍ കടുവയുടെ ആക്രമണം; ഇനിയും നഷ്ടപരിഹാരം ലഭിച്ചില്ല
കുറുക്കന്‍മൂലയില്‍ കടുവ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. 17 വളര്‍ത്തുമൃഗങ്ങളെ നഷ്ടമായ കുറുക്കന്‍മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാര്‍ശയിലും തീരുമാനമായില്ല.എന്നാല്‍ നിലവിലെ ഉത്തരവനുസരിച്ചുള്ള അടിസ്ഥാന നഷ്ടപരിഹാരത്തുക പാസായെന്നാണ് വനംവകുപ്പ് പറയുന്നത്.
വന്യജീവികളുടെ ആക്രമണത്തില്‍ വളര്‍ത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന നഷ്ടപരിഹാരം അപര്യാപ്തമാണെന്ന പരാതി കാലങ്ങളായുണ്ട്. ഈ സാഹചര്യത്തിലാണ് കടുവയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കുറുക്കന്‍ മൂലയ്ക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു മാസമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചെന്നാണ് കര്‍ഷകര്‍ പറയുന്നത്.കുറുക്കന്‍ മൂലയിലും പയ്യന്പളിയിലുമായി വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട 13 കര്‍ഷകര്‍ക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. നിലവില്‍ നല്‍കി വരുന്ന നഷ്ടപരിഹാരത്തുക പാസായെന്നാണ് നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ അധികൃതര്‍ അറിയിക്കുന്നത്. എന്നാല്‍ തുച്ഛമായ നഷ്ടപരിഹാര തുക അംഗീകരിക്കാനാവില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. ഉള്‍ വനത്തിലേക്ക് കടന്ന മുറിവുകളേറ്റ കടുവയെ വനം വകുപ്പിന് ഇതുവരെ പിടികൂടാനുമായിട്ടില്ല.