അതിഥി മൊബൈല്‍ ആപ്പ് ഏപ്രിലില്‍

0

സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളെ ബന്ധിപ്പിക്കുകയും ഓരോരുത്തര്‍ക്കും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ‘അതിഥി’ മൊബൈല്‍ ആപ്പ് ഏപ്രിലില്‍ അവതരിപ്പിക്കും. കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദ്ദേശിച്ച ആപ്പ് തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള (ചിയാക്) ആണ് വികസിപ്പിക്കുന്നത്.

ആപ്പിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 2021-ല്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് നടത്തിയ പഠനത്തില്‍ 31 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ടെന്നും ഭൂരിഭാഗം പേരും കെട്ടിടനിര്‍മ്മാണ രംഗത്താണ് ജോലി ചെയ്യുന്നുതെന്നും കണ്ടെത്തിയിരുന്നു. ഇവരെയെല്ലാം ‘അതിഥി’യുടെ കീഴില്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് തൊഴില്‍ മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി സുനില്‍ കെ എം പറഞ്ഞു. ”അതിഥി പോര്‍ട്ടല്‍ ഇതിനകം നിലവിലുണ്ട്. ഏപ്രിലില്‍ ആപ്പ് പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” സുനില്‍ പറഞ്ഞു. സോഫ്റ്റ്വെയന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ചിയാക് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ആരോഗ്യം, തൊഴില്‍, പോലീസ് എന്നിവയുള്‍പ്പെടെ എല്ലാ വകുപ്പുകള്‍ക്കും അനുയോജ്യമായ രീതിയിലാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കുക,” ചിയാക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികള്‍ക്ക് വെബ് പോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ രജിസ്റ്റര്‍ ചെയ്യാനും ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നേടാനും കഴിയും. കേരളത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ എന്റോള്‍മെന്റിനും അവരുടെ ക്ഷേമത്തിനും നിരവധി പദ്ധതികള്‍ നിലവിലുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും, അവയ്ക്ക് ആവശ്യമായ പ്രചാരം കിട്ടിയിട്ടില്ല. ഉദാഹരണത്തിന്, വര്‍ഷത്തില്‍ 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണങ്ങള്‍ക്ക് 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആവാസ്’ കാര്‍ഡ് 2018-ല്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തൊഴില്‍ നൈപുണ്യ വകുപ്പിന്റെ കണക്കനുസരിച്ച്, 516,320 കുടിയേറ്റ തൊഴിലാളികള്‍ മാത്രമാണ് ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൂടാതെ, കഴിഞ്ഞ ജൂലൈയില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡ് കുടിയേറ്റ തൊഴിലാളികളുടെ രജിസ്‌ട്രേഷനായി ‘ഗസ്റ്റ് ‘ ആപ്പ് പുറത്തിറക്കി. ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് ആപ്പ് വികസിപ്പിച്ചത്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ 1.5 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ മാത്രമാണ് മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Leave A Reply

Your email address will not be published.

error: Content is protected !!