പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ്

0

വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. 2020 -21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍ പരം കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ഭക്ഷ്യകിറ്റ് വിതരണ പദ്ധതിയുടെ ആകെ ചെലവ് 100 കോടി രൂപയാണ്. കേന്ദ്ര ധനസഹായവും ഇതിന് ലഭ്യമായിട്ടുണ്ട്.
ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉള്‍പ്പെടുത്തുന്നത്. പ്രീപ്രൈമറി കുട്ടികള്‍ക്ക് രണ്ട് കിലോഗ്രാം അരിയും, പ്രൈമറി വിഭാഗത്തിന് ഏഴ് കിലോഗ്രാം അരിയും, അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും ആണ് പലവ്യഞ്ജനങ്ങളൊടൊപ്പം നല്‍കുക.

സപ്ലൈകോ മുഖേന സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി എന്നിവയുടെ മേല്‍നോട്ടത്തില്‍ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വിതരണം ചെയ്യും. വിതരണം സംബന്ധിച്ച അറിയിപ്പ് സ്‌കൂള്‍ മുഖേന രക്ഷിതാക്കള്‍ക്ക് നല്‍കും. കൊവിഡ് സൃഷ്ടിക്കുന്ന പ്രതിസന്ധിയില്‍ നിന്നും മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതി. സംസ്ഥാനത്തെ 88 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!