പോലീസ്-ഭരണകൂട ഭീകരത  അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന് പിഎഫ്‌ഐ

0

 

പോലീസ്-ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭമെന്ന്  പോപുലര്‍ ഫ്രണ്ട് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ജില്ലാ പി.ആര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ആസിഫ്,ജില്ലാ കമ്മറ്റിയംഗങ്ങളായ ജാഫര്‍ മേപ്പാടി,എ പി ഇസ്ഹാഖ്,എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നൂറിലധികം സംഘടനാ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ദേശീയ സംസ്ഥാന നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടന്ന ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നൂറിലധികം സംഘടനാ പ്രവര്‍ത്തകരെയും, സംഘടനയുമായി യാതൊരു ബന്ധമില്ലാത്തവരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി. അവരിപ്പോള്‍ വിവിധ ജയിലുകളിലായി റിമാന്‍ഡിലാണ്.

ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടാണ് ജില്ലാ പ്രസിഡന്റ് എസ് മുനീറും, ജില്ലാ കമ്മറ്റി അംഗങ്ങളും സാധാരണ പ്രവര്‍ത്തകരുമടങ്ങുന്ന പന്ത്രണ്ട് പേരെ വധശ്രമം അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുള്ളത്. അക്രമസംഭവങ്ങളുമായി യാതൊരു ബന്ധമില്ലാത്തവരാണ് ഇവരെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഇവരുടെ അന്യായമായ അറസ്റ്റിനെതിരെ മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് സമാധാനപരമായി പ്രകടനം നടത്തിയ 89 പ്രവര്‍ത്തകരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു.ഇതിനു പുറമേ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, സ്ത്രീകളെയും, പ്രായമായവരെയും കുട്ടികളെയും, ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിനെതിരെ വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളിലേക്ക് പരാതി അയക്കുന്നുണ്ട്.കേരളത്തില്‍ ആദ്യമായല്ല ഹര്‍ത്താല്‍ നടക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില ഒറ്റപ്പെട്ട അക്രമസംഭവങ്ങളല്ലാതെ, സാധാരണ ഹര്‍ത്താലുകളില്‍ നടക്കാറുള്ളതു പോലെയുള്ള അക്രമസംഭവങ്ങള്‍ ഈ ഹര്‍ത്താലില്‍ നടന്നിട്ടില്ല. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുടെ പേരില്‍ ജില്ലാ പ്രസിഡന്റിനെയടക്കം തുറുങ്കിലടക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതും ഗൂഢാലോചനയുടെയും ഭരണകൂട ഭീകരതയുടെയും ഭാഗമാണന്ന് ഇവര്‍ ആരോപിച്ചു.

അന്യായമായി തുറുങ്കിലടക്കപ്പെട്ടിട്ടുള്ള ഞങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തകരെയും മോചിപ്പിക്കണമെന്നും ജില്ലാ നേതാക്കളടക്കമുള്ള പ്രവര്‍ത്തകര്‍ക്കു നേരെയുള്ള പോലീസ് വേട്ട ഉടന്‍ അവസാനിപ്പിക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പ്രവര്‍ത്തകരുടെ കുടുംബങ്ങളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുകയും നിയമപരമായും ജനകീയമായും ഈ അതിക്രമങ്ങളെ നേരിടുകയും ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ പി.ആര്‍ ഇന്‍ ചാര്‍ജ് മുഹമ്മദ് ആസിഫ്,ജില്ലാ കമ്മറ്റിയംഗങ്ങളായ ജാഫര്‍ മേപ്പാടി,എ പി ഇസ്ഹാഖ്,എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!