വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു വാപ്കോസ് 636 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിനു സമര്‍പ്പിച്ചു. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചതാണ് വിവരം. മെഡിക്കല്‍ കോളേജ് ജനോപകാരപ്രദമാക്കുന്നതില്‍ അടിയന്തര ഇടപെടലിനു വയനാട് നല്ലൂര്‍നാട് കോരന്‍കുന്നന്‍ നാസര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കമ്മീഷന്‍ തേടിയ റിപ്പോര്‍ട്ടിലാണ് മെഡിക്കല്‍ കോളേജ് പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചത്.
വയനാട്ടുകാരുടെ ചിരകാലാഭിലാഷമായ മെഡിക്കല്‍ കോളേജ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്നും, അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരെയും വിദഗ്ധചികിത്സ ആവശ്യമുള്ളവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോരന്‍കുന്നന്‍ നാസര്‍ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയത്.
ജില്ലാ ആശുപത്രി വളപ്പില്‍ നഴ്സിംഗ് കോളേജിനായി പുതുതായി നിര്‍മിച്ച മൂന്നു നില കെട്ടിടം മെഡിക്കല്‍ കോളേജിന്റെ അധ്യയന ആവശ്യത്തിനായി വിട്ടുനല്‍കിയിട്ടുണ്ട്. 2021-22 സാമ്പത്തികവര്‍ഷം മെഡിക്കല്‍ കോളേജിനു സര്‍ക്കാര്‍ 300 കോടി രൂപ വകയിരുത്തിയിരുന്നു. കോളേജിനോടനുബന്ധിച്ചു ഹീമോഗ്ലോബിനോപതി റിസര്‍ച്ച് സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ് നിര്‍മാണത്തിനു മാനന്തവാടി താലൂക്കില്‍ 65 ഏക്കര്‍ സ്ഥലം കണ്ടുവെച്ചിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറയ്ക്കു ഭൂമി ഏറ്റെടുത്ത് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മനുഷ്യാവകാശ കമ്മീഷനെ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
കേന്ദ്ര പദ്ധതിയായ സി.സി.എസ്: എസ്റ്റാബ്ലിഷ്മെന്റ് ഓഫ് ന്യൂ മെഡിക്കല്‍ കോളേജസ് അറ്റാച്ച്ഡ് ടു ദി ഡിസ്ട്രിക്ട്, റഫറല്‍ ഹോസ്പിറ്റലില്‍ ഉള്‍പ്പെടുത്തി വയനാട് മെഡിക്കല്‍ കോളേജ് പൂര്‍ണാര്‍ത്ഥത്തില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു നിയോഗിച്ച കണ്‍സള്‍ട്ടന്‍സിയാണ് വാപ്കോസ്.
റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ചു സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതില്‍ പ്രത്യേക താത്പര്യമെടുക്കുന്നതില്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ക്കും വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് കഴിഞ്ഞ ദിവസം കത്തിലൂടെ അറിയിച്ചതായി നാസര്‍ പറഞ്ഞു.