കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ നിന്നും റ്റി.സി നല്‍കി ഒഴിവാക്കിയതായി പരാതി. നൂല്‍പ്പുഴ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ ശശി- ലക്ഷ്മി ദമ്പതികളുടെ മകന്‍ മണിയെയാണ് ബത്തേരി സര്‍വ്വജന ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്നും റ്റി.സി നല്‍കി പുറത്താക്കിയതായി ആക്ഷേപം ഉയരുന്നത്. സ്‌കൂളില്‍ രണ്ടാംവര്‍ഷ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു മണി.
അതേസമയം സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടാണന്നും ഹ്യൂമാനിറ്റിസ് വിഷയത്തിലേക്ക് മാറണമെന്നും ആവശ്യപ്പെട്ട് മണിയും രക്ഷിതാക്കളും അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റ്റി സി നല്‍കിയതെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.
ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പുവരുത്തുവാന്‍ വിവിധ പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും മുന്നോട്ട് പോകുമ്പോഴാണ് കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ റ്റി.സി നല്‍കി സ്‌കൂളില്‍ നിന്നും പറഞ്ഞയച്ചതായി ആക്ഷേപം ഉയരുന്നത്. ഒരു മാസം മുമ്പ് വിദ്യാര്‍ത്ഥിയെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മണിക്ക് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടാണന്നും അതിനാല്‍ ഹ്യൂമാനിറ്റിസ് വിഷയമെടുത്ത് പഠിക്കുന്നതായിരിക്കും നല്ലതെന്നും അധ്യാപകര്‍ പറഞ്ഞതായും പിന്നീട് പേപ്പറുകളില്‍ ഒപ്പിട്ടു വാങ്ങി പ്ലസ്ടു രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തതിനുശേഷം റ്റി.സി നല്‍കിയതായുമാണ് മണിയുടെ അമ്മ പറയുന്നത്.
തനിക്ക് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലന്നും കോളനിയിലെ നെറ്റ് വര്‍ക്ക് പ്രശ്നം കാരണം ഓണ്‍ലൈന്‍ ക്ലാസുകളില്‍ പൂര്‍ണ്ണമായും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ലന്നും പേരെഴുതി ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് മണിയും പറയുന്നു. അതേസമയം ഓണ്‍ലൈന്‍ ക്ലാസുകളില്‍ മണി കൃത്യമായി പങ്കെടുത്തിരുന്നില്ലന്നും റഗുലര്‍ ക്ലാസ് ആരംഭിച്ചിട്ടും ക്ലാസില്‍ വരാതിരുന്ന മണിയെ അന്വേഷിച്ച് പലതവണ വീട്ടിലെത്തിയെങ്കിലും മണിയെ കാണാനായില്ലന്നും പിന്നീട് സയന്‍സ് വിഷയം പഠിക്കാന്‍ ബുദ്ധിമാട്ടണന്ന് മണി പറയുകയും, വിദ്യാര്‍ത്ഥിയുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം അവര്‍ തന്നെ അപേക്ഷ എഴുതിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റ്റിസി നല്‍കിയതെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ മണി ബത്തേരിയിലെ ഒരു സ്വകാര്യ കോളേജില്‍ പ്ലസ്ടു ഹ്യൂമാനിറ്റിസിന് ചേര്‍ന്നിരിക്കുകയാണ്.