ബുക്സ് ഓണ്‍ വീല്‍സ് വയനാട്ടിലെത്തി

0

ഗോത്രമേഖലകളില്‍ പുതിയ വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള പുസ്തകങ്ങളുമായി ‘ബുക്സ് ഓണ്‍ വീല്‍സ്’ പുസ്തകവണ്ടി വയനാട്ടിലെത്തി. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഗോത്രമേഖലകളില്‍ ആരംഭിക്കുന്ന നൂറോളം വായനശാലകളിലേക്കുളള പുസ്തകങ്ങളുമായാണ് പുസ്തകവണ്ടി എത്തിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എടവക ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് കമ്മന
കുരിശിങ്കലില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സ്വീകരണം നല്‍കി.

എസ്.ഐ.എച്ച്. ഡയറക്ടര്‍ ആന്റോ മൈക്കിളില്‍ നിന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ടി.ബി.സുരേഷ് പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. പദ്ധതിയിലെ ആദ്യ ലൈബ്രറിയായ എസ്.ഐ.എച്ച് ലൈബ്രറിയുടെ ഉദ്ഘാടനം കമ്മന കുരിശിങ്കല്‍ കോളനിയിലെ മുതിര്‍ന്ന അംഗമായ കുറുമന്‍ നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ലൈബ്രറിയുടെ ആദ്യ മെമ്പര്‍ഷിപ്പ് വിതരണം മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍.അജയകുമാര്‍ നിര്‍വ്വഹിച്ചു. പ്രോജക്ട് റിപ്പോര്‍ട്ട് ബോധ ഗ്രൂപ്പ് ഡയറക്ടര്‍ നാസര്‍ ആലിക്കല്‍ അവതരിപ്പിച്ചു.

കമ്മ്യൂണ്‍ പോസിറ്റീവ് മെന്റര്‍ കെ.പി.രവീന്ദ്രന്‍ ആദ്യ പുസ്തക വിതരണം ചെയ്തു. എസ്.ഐ.എച്ചിനുള്ള ഉപകാര സമര്‍പ്പണം മാനന്തവാടി ബ്ലോക്ക് മെമ്പര്‍ ഇന്ദിരാ പ്രേമചന്ദ്രന്‍ നിര്‍വഹിച്ചു. ലൈബ്രറിയിലെ നൂറ് അക്ഷരദീപത്തിന് എസ്.ഐ.എച്ച് അംഗം ജിതിന്‍ ജിത്ത് ആദ്യ തിരി തെളിയിച്ചു. ആദ്യഘട്ടത്തില്‍ ഇരുപത്തഞ്ചോളം ലൈബ്രറികളാണ് ജില്ല യില്‍ ആരംഭിക്കുന്നത്. സെല്‍ഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് പദ്ധതിയിലേക്കുളള പുസ്തകങ്ങള്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് നിന്നും ഡിസംബര്‍ 7 ന് ഫ്ലാഗ് ഓഫ് ചെയ്ത പുസ്തകവണ്ടി വിവിധ ജില്ലകളിലെ കളക്ഷന്‍ സെന്ററുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ചാണ് ജില്ലയിലെത്തിയത്. നൂറ് വായനശാലകള്‍ ആരംഭിക്കുന്നതിനുള്ള ഒരു ലക്ഷം പുസ്തകങ്ങള്‍ സമാഹരിക്കാനാണ് സെല്‍ഫ് ഇംപ്രൂവ്മെന്റ് ഹബ്ബ് ലക്ഷ്യമിടുന്നത്. വയനാടിന്റെ ഗോത്രമേഖലകളില്‍ വിജ്ഞാനത്തിന്റെയും വികസനത്തിന്റെയും പുതിയ വഴികള്‍ തുറക്കാന്‍ പദ്ധതിക്കാകുമെന്നാണ് പ്രതീക്ഷ.

 

Leave A Reply

Your email address will not be published.

error: Content is protected !!