തിയേറ്ററുകള്‍ തുറക്കില്ല; നിലപാട് കടുപ്പിച്ച്‌ ഫിലിം ചേംബര്‍

0

തിയേറ്ററുകള്‍ തുറക്കാനാവില്ലന്ന് ഫിലിം ചേംബര്‍.50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്ററുകള്‍
തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചിരിക്കുന്നത്.

വിനോദ നികുതി ഒഴിവാക്കാതെയും പ്രദര്‍ശന സമയം മാറ്റാതെയും തിയേറ്ററുകള്‍ തുറക്കാനാവില്ല. ഇതരഭാഷാ ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചും തിയേറ്റര്‍ തുറക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് മുന്‍പില്‍ വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ തിയേറ്ററുകള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. വലിയ ബാധ്യതയാണ് നിലവില്‍ ഉള്ളത്.

50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ രണ്ടോ മൂന്നോ ഷോ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകാര്‍ക്കും ആ പടം തരാന്‍ നിര്‍മാതാക്കള്‍ക്കും സാധിക്കില്ല.
എന്റര്‍ടൈന്‍മെന്റ് ടാക്സിലും ഈ പ്രദര്‍ശന സമയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താതെ പുതിയ ചിത്രങ്ങള്‍ റിലീസിന് കൊടുക്കേണ്ടെന്നാണ് പ്രൊഡ്യൂസേഴ്സിന്റേയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റേയും തീരുമാനമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ഇതോടെ വിജയ് നായകനായ മാസ്റ്ററിന്റെ 13ാം തിയതിയുള്ള റിലീസിന്റെ കാര്യം ആശങ്കയിലാണ്.

സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കാനുള്ള അനുമതി നല്‍കിയതിനെ സിനിമാപ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ 50 ശതമാനം ആളുകളുമായി തിയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിലെ സാമ്ബത്തിക നഷ്ടവും മറ്റു ബുദ്ധിമുട്ടുകളും ഉന്നയിച്ച് തിയേറ്റര്‍ ഉടമകള്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

എല്ലാ സിനിമ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും രാവിലെ 9 മണി മുതല്‍ 9 മണി വരേയെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. 9 മണിയോടെ അവസാന ഷോ തീര്‍ന്നിരിക്കണം. അര്‍ധരാത്രി ഷോ ഉണ്ടായിരിക്കുന്നതല്ല. ഒന്നില്‍ കൂടുതല്‍ സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്‌സുകളില്‍ സ്‌ക്രീനിംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ സമയത്താകരുതെന്നും നിര്‍ദേശങ്ങളില്‍ പറഞ്ഞിരുന്നു.

പരമാവധി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്താന്‍ തന്നെ ശ്രമിക്കണമെന്നും കൗണ്ടറുകളില്‍ നിന്നും ടിക്കറ്റ് വാങ്ങുമ്പോള്‍ 6 അടി അകലം പാലിച്ചിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!