ജലസ്രോതസ്സുകളിലെ ലഭ്യത കണക്കാക്കാന്‍ പ്രാദേശിക സര്‍ക്കാരുകള്‍ തയ്യാറാകണം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

0

തിരുവനന്തപുരം : ജലസ്രോതസ്സുകളിലെ ജലലഭ്യത എത്രയെന്ന് കണക്കാക്കാന്‍ ജലലഭ്യതാ നിര്‍ണ്ണയ സ്‌കെയിലുകള്‍ സ്ഥാപിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാവണമെന്നും അത്തരത്തില്‍ ലഭ്യമായ ജലം കൃത്യമായ ആസൂത്രണത്തിലൂടെ ഫലപ്രദമായും ശാസ്ത്രീയമായും വിനിയോഗിക്കണമെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ലഭ്യമായ ജലത്തിന്റെ അളവിനനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ കൃഷി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്തിലെ നൂറ് കുളങ്ങളില്‍ സ്ഥാപിച്ച സ്‌കെയിലുകള്‍ ജലലഭ്യതയെ കുറിച്ച് മനസ്സിലാക്കാന്‍ ജനങ്ങള്‍ക്ക് ഏറെ സഹായകമാണെന്ന് മന്ത്രി പറഞ്ഞു.

ഒരു ജില്ലയിലെ ഒരു ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ വലിയ കുളങ്ങളിലും സ്‌കെയിലുകള്‍ സ്ഥാപിക്കണം. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിലൂന്നി മുന്നോട്ടുപോവാന്‍ ഒരു രീതിയിലുള്ള അലംഭാവവും പാടില്ല. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നിര്‍മ്മിതികളുടെ ബാഹുല്യത്തോടെ വീണ്ടുവിചാരമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും, ഒഴുക്കി വിടുന്നതും നമ്മുടെ ജലസ്രോതസ്സുകള്‍ ഭീതിജനകമായ രീതിയില്‍ മലിനപ്പെടുത്തുന്നതിന് കാരണമാണ്. ഇതിന് മാറ്റം വരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ കൃഷിയുമായി ബന്ധപ്പെട്ട ജല ആവശ്യങ്ങള്‍ക്ക് കുളങ്ങളെയാണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. മഴയുടെ ലഭ്യതയില്‍ കുറവ് ഒന്നും വന്നിട്ടില്ലെങ്കിലും നമ്മുടെ കുളങ്ങളില്‍ ഏറിയ പങ്കും മലിനപ്പെടുകയും മണ്ണടിഞ്ഞ് ജലവാഹകശേഷി കുറയുകയും ചെയ്തിട്ടുണ്ട്. മഴപ്പെയ്ത്തിലൂടെ കിട്ടുന്ന ജലം ഫലപ്രദമായി ശേഖരിക്കുന്നതിന് ഇത് തടസ്സമാകുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടേയും ഏജന്‍സികളുടേയും സഹായത്തോടെ നിരവധി ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കി പുനരുജ്ജീവിപ്പിക്കുവാനും ശുദ്ധജല സംഭരണം ഉറപ്പാക്കുവാനും സാധിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവ കൂടി പൂര്‍ണ്ണമായും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ജലസ്രോതസ്സുകളിലെ ജലനിരപ്പ് വര്‍ദ്ധിക്കുന്നത് അതാത് പ്രദേശത്തെ ഭൂജല നിരപ്പ് വര്‍ദ്ധിക്കുന്നതിന് കാരണമാകും. ജല സ്രോതസ്സുകളിലെ ജലഗുണനിലവാര വര്‍ദ്ധനവ് ഭൂജല ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന സമകാലിക വര്‍ദ്ധിത വ്യതിയാനം ജലസംരക്ഷണത്തിന്റേയും ജലത്തിന്റെ വിവേക പൂര്‍ണ്ണമായ വിനിയോഗത്തിന്റേയും പ്രാധാ ന്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയും രിധിക്കുള്ളില്‍ വരുന്ന ജലസ്രോതസ്സുകളിലെ ജലലഭ്യത കണക്കാക്കുന്നതെന്ന് മന്ത്രി വിശദമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!