മൂക്കിലൂടെ തുള്ളിമരുന്നായി ഒഴിക്കുന്ന കൊവിഡ് വാക്സിന്റെ പരീക്ഷണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐയുടെ വിദഗ്ധ സമിതി അനുമതി നല്‍കി. ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ നല്‍കുന്നതിനുള്ള പരീക്ഷണത്തിനാണ് അനുമതിയായിരിക്കുന്നത്. മൂക്കിലൂടെ നല്‍കുന്ന വാക്സിന്റെ പരീക്ഷണത്തെക്കുറിച്ച്, നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ഈ വാക്സിന്‍ എത്തുന്നതോടെ കോവിഡ് പ്രതിരോധ നടപടികള്‍ക്കു കൂടുതല്‍ വേഗം കൈവരും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.
തുള്ളിമരുന്ന് രീതിയില്‍ മൂക്കിലൂടെ നല്‍കുന്ന വാക്സിനാണ് നേസല്‍ വാക്സിന്‍. മൂക്കില്‍നിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് മരുന്ന് എത്തും. കുത്തിവെപ്പിന്റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് നേസല്‍ വാക്സിന്റെ പ്രധാന ഗുണം. വൈറസ് ശരീരത്തിനകത്ത് പ്രവേശിക്കുന്നത് പ്രധാനമായും മൂക്കിലൂടെ ആയതിനാല്‍ ഇവിടെതന്നെ പ്രതിരോധ ശേഷി സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് നേസല്‍ വാക്സിന്‍. പ്രവേശന കവാടത്തില്‍തന്നെ തടയുന്നതിനാല്‍ വൈറസ് ശ്വാസകോശത്തില്‍ പ്രവേശിക്കില്ല.
ഭാരത് ബയോടെകിന്റെ നേസല്‍ വാക്സിന് (ബി.ബി.വി154) മൂന്നാം ഘട്ട പരീക്ഷണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷമാണ് മൂക്കിലൂടെ നല്‍കാവുന്ന വാകസിന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്തു.