രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന വിദഗ്ധ അഭിപ്രായത്തിനിടെ ആവശ്യമരുന്നുകള്‍ ശേഖരിച്ചു വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. റെംഡിസിവിര്‍, ഫാവിപിരാവിര്‍ ഉള്‍പ്പെടെയുള്ള കോവിഡ് മരുന്നുകള്‍ 30 ദിവസത്തേയ്ക്കുള്ളത് കൂടുതലായി ശേഖരിച്ചുവയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ, സാധാരണയായി ഉപയോഗിക്കുന്ന പാരസെറ്റമോള്‍, വൈറ്റമിന്‍ ഗുളികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയും അധികമായി ശേഖരിച്ചുവയ്ക്കും.
‘മൂന്നാം തരംഗത്തിന് മുന്നോടിയായി 5 ദശലക്ഷം റെംഡിസിവിര്‍ മരുന്നു വാങ്ങാന്‍ കേന്ദ്രം ഒരുങ്ങുന്നു. ഇതിനായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൂട്ടി പണം നല്‍കും.’ മരുന്നു മേഖലയിലെ അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയമാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയത്. പ്രതിദിനം ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തേക്കും.
വൈറസിന് വകഭേദം സംഭവിച്ചില്ലെങ്കില്‍ രണ്ടാം തരംഗത്തിന്റെ അത്ര ഭീകരമാകില്ല മൂന്നാം തരംഗമെന്ന് ഐസിഎംആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സമീരന്‍ പാന്‍ഡ വ്യക്തമാക്കി. മറിച്ചാണെങ്കില്‍, സ്ഥിതി വഷളാകും. വാക്‌സിനേഷന്‍ നിരക്കിലെ കുറവും നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതും കോവിഡ് കേസുകള്‍ കൂടാന്‍ കാരണമാകും.