സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം: മന്ത്രി

0

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 മുതല്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി താല്പര്യം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുസരിച്ച് സംസ്ഥാനത്തെ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വര്‍ഷംതോറും രജിസ്‌ട്രേഷന്‍ പുതുക്കണം. എന്നാല്‍ 2021ലെ രജിസ്‌ട്രേഷന്‍ /റിന്യൂവല്‍ കണക്കനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ 88.57 ശതമാനം മാത്രമാണ് പുതുക്കിയിട്ടുള്ളത്.

കെട്ടിട സെസ് പിരിവ് ഊര്‍ജ്ജിതമാക്കുന്നതിന് നടപടി ഉണ്ടാകണം. ഇതിനായി സെസ് അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്. പരമാവധി തുക ആദാലത്തിലൂടെ പിരിച്ചെടുത്ത് നിര്‍മ്മാണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കഴിയണം. കുടിശ്ശികയായ മുഴുവന്‍ തുകയും പിരിച്ചെടുക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ലേബര്‍ കമ്മീഷണര്‍ തലത്തില്‍ ആവിഷ്‌കരിക്കണം.

സംസ്ഥാനത്ത് നൂറുകണക്കിന് ഗ്രാറ്റിവിറ്റി കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഇതില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണം. മിനിമം വേതന നിയമപ്രകാരം കുടിശ്ശികക്ക് വേണ്ടി നിരവധി ക്ലെയിം പെറ്റീഷനുകളിലും നടപടിയെടുക്കേണ്ടതുണ്ട്. ഉന്നതതല യോഗം ചേര്‍ന്ന് ഈ പ്രശ്‌നം പരിഹരിക്കണം.
സംസ്ഥാന തൊഴില്‍ മേഖലയില്‍ ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം ഉറപ്പു വരുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലേബര്‍ കമ്മീഷണറേറ്റ് നേതൃത്വം നല്‍കണം.

ലേബര്‍ കോഡുകള്‍ സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ ഘടനാപരമായ വ്യത്യാസം തൊഴില്‍ വകുപ്പില്‍ ഉണ്ടാകാനിടയുണ്ട്. തൊഴില്‍ വകുപ്പ് പുന:സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. നോക്കുകൂലി സംബന്ധിച്ചുള്ള പരാതികളില്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. പരാതികളില്‍ അടിയന്തരമായി ഇടപെടുന്നതിന് മൊബൈല്‍ ആപ്പ് സംവിധാനം ഒരുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!