ബത്തേരി ടൗണില്‍ ഭീതിപരത്തുന്ന പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി വൈല്‍ഡ് ലൈഫ് വാര്‍ഡന് നഗരസഭ കത്ത് നല്‍കും. സ്ഥിരമായി പുലിയുടെ സാനിധ്യം സ്ഥിരീകരിച്ചതോടെയാണ് നഗരസഭ നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് ബത്തേരി ടൗണിലും സമീപ പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. റോഡ് മുറിച്ച് കടക്കുന്ന പുലിയെ നാട്ടുകാര്‍ നേരിട്ട് കാണുകയും, കോഴികളെ പിടികൂടുന്നതിന്റെ സി.സി ടി.വി ദൃശ്യവും പുറത്തു വരുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി വീടുകള്‍ക്ക് സമീപം വരെ പുലിയെത്തിയതോടെ നാട്ടുകാരും ഭയത്തിലായിരിക്കുകയാണ്. നിരവധി തവണ വനംവകുപ്പ് ആര്‍.ആര്‍.ടി തിരച്ചില്‍ നടത്തുകയും ക്യാമറ വെച്ച് നിരീക്ഷിക്കുകയും ചെയ്‌തെങ്കിലും ഇതുവരെ പുലിയെ കണ്ടെത്താനായിട്ടില്ല. പക്ഷേ തുടര്‍ച്ചയായി പുലിയുടെ സാനിധ്യമുണ്ടായതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ വരെ ഭയക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കണമെന്ന് നഗരസഭ വനംവകുപ്പിനോട് രേഖാമൂലം ആവശ്യപ്പെടാനൊരുങ്ങുന്നത്.
ഇത് സംബന്ധിച്ച് വന്യജീവിസങ്കേതം മേധാവിക്ക് കത്ത് നല്‍കുമെന്നും നഗരസഭ ചെയര്‍മാന്‍ അറിയിച്ചു. കോട്ടക്കുന്ന പുതുശേരിയില്‍ പോള്‍ മാത്യൂസിന്റെ വീട്ടില്‍ ഒരാഴ്ചക്കുള്ളില്‍ രണ്ട് തവണയാണ് പുലിയെത്തിയത്. ഇതില്‍ ഒരു തവണ ഏഴുകോഴികളെയും പുലി പിടികൂടി കൊന്നിരുന്നു.