സാഹിത്യത്തെ സ്‌ക്രീനിലെത്തിച്ച അതുല്ല്യ പ്രതിഭ; കെഎസ് സേതുമാധവന്‍, ഓര്‍മ്മകള്‍ക്ക് മരണമില്ല

0

 

പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്‍ അന്തരിച്ചു. 90 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ ആയിരുന്നു അന്ത്യം. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ക്കു ചലച്ചിത്ര ഭാഷ്യം നല്‍കിയ പ്രശസ്ത സംവിധായകനാണ് അദ്ദേഹം. കമല്‍ഹാസന്‍ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ‘ഓടയില്‍ നിന്ന്, അനുഭവങ്ങള്‍ പാളിച്ചകള്‍, ചട്ടക്കാരി, അഴകുള്ള സെലീന, കടല്‍പ്പാലം, നിത്യകന്യക, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ഓപ്പോള്‍’ എന്നിങ്ങനെ ഒട്ടനവധി സിനിമകള്‍ സംവിധാനം ചെയ്തു.

കമലാഹസനേയും മമ്മൂട്ടിയേയും സമ്മാനിച്ച സംവിധായകന്‍. സത്യന്‍ എന്ന നടനിലെ അഭിനയ വൈഭവം പരമാവധി വിനിയോഗിച്ച ചലച്ചിത്രകാരന്‍. പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിക്കുമ്പോള്‍ കളമൊഴിയുന്നത് ദക്ഷിണേന്ത്യന്‍ സിനിമാ കുലപതിയാണ്. സാഹിത്യത്തെ സ്‌ക്രീനിലെത്തിച്ച് സൂപ്പര്‍ ഹിറ്റുകള്‍ ംഒരുക്കി.

മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവന്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പാലക്കാട് സുബ്രഹ്‌മണ്യം-ലക്ഷ്മി ദമ്പതികളുടെ മകനായി 1931ലാണ് സേതുമാധവന്റെ ജനനം.തമിഴ്നാട്ടിലെ വടക്കേ ആര്‍ക്കോട്ടിലും പാലക്കാട്ടുമായിരുന്നു ബാല്യം. പാലക്കാടു് വിക്ടോറിയ കോളേജില്‍ നിന്നും സസ്യശാസ്ത്രത്തില്‍ ബിരുദം നേടി. സിനിമയില്‍ എത്തിയതു സംവിധായകന്‍ കെ രാംനാഥിന്റെ സഹായി ആയിട്ടായിരുന്നു . എല്‍ വി പ്രസാദ്, എ എസ് എ സ്വാമി, സുന്ദര്‍ റാവു, നന്ദകര്‍ണി എന്നീ സംവിധായകരുടെ കൂടെ നിന്നു സംവിധാനം പഠിച്ചു.

 

സേതുമാധവന്‍ 1960ല്‍ വീരവിജയ എന്ന സിംഹള ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മലയാളത്തില്‍ സാഹിത്യകൃതികളെ അടിസ്ഥാനമാക്കി ഏറ്റവും കൂടുതല്‍ സിനിമകള്‍ പുറത്തിറക്കിയിട്ടുള്ള കെ.എസ് സേതുമാധവന്‍ തന്റെ ആദ്യ ചിത്രമായ ജ്ഞാനസുന്ദരിക്കു ശേഷം പുറത്തിറക്കിയ ‘കണ്ണും കരളും’ നിരവധി സ്ഥലങ്ങളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഹിറ്റായി മാറി. തുടര്‍ന്ന് നിരവധി ജനപ്രീതിയാര്‍ജ്ജിച്ച ചിത്രങ്ങളൊരുക്കിയെങ്കിലും 1965ലാണ് സേതുമാധവന്റെ ഏറ്റവും ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ (ഓടയില്‍ നിന്ന്,ദാഹം) പുറത്തു വന്നത്.

കേശവദേവിന്റെ ‘ഓടയില്‍ നിന്ന്’ എന്ന നോവലിന്റെ തമിഴ് പരിഭാഷ വായിച്ചാണ് ആ സിനിമ അതേ പേരില്‍ എടുക്കാന്‍ സേതുമാധവന്‍ തീരുമാനിക്കുന്നത്. ജനകീയസിനിമയായി ഉയര്‍ന്നതിനോടൊപ്പം തന്നെ സേതുമാധവന് സംവിധായകനെന്ന നിലയില്‍ ഏറെ നിരൂപകപ്രശംസയും നേടിക്കൊടുത്ത ചിത്രമായിരുന്നു ‘ഓടയില്‍ നിന്ന്’, ‘ദാഹം’ എന്നീ ചിത്രങ്ങള്‍.

മലയാളത്തില പ്രശസ്തമായിരുന്ന മഞ്ഞിലാസിന്റെ ബാനറില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതും അതോടൊപ്പം തന്നെ മഞ്ഞിലാസിന്റെ പ്രധാന നടനായിരുന്ന സത്യന്റെ ചില കരുത്തുറ്റ കഥാപാത്രങ്ങളെ അണിയിച്ചൊരുക്കിയതും സേതുമാധവനായിരുന്നു. നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ 1961ല്‍ പുറത്തിറങ്ങിയ ജ്ഞാനസുന്ദരി ആണ് ആദ്യചിത്രം. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളില്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ചു. കണ്ണും കരളും എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് കമലാഹസന്‍ സിനിമയില്‍ എത്തിയത്.

കെ.എസ്. സേതുമാധവന്റെ ചിത്രങ്ങള്‍

1) ജ്ഞാനസുന്ദരി (1961)
2) കണ്ണും കരളും (1962)
3) സുശീല (1963)
4) നിത്യകന്യക (1963)
5) ഓമനക്കുട്ടന്‍ (1964)
6) മണവാട്ടി (1964)
7) അന്ന (1964)
8) ഓടയില്‍നിന്ന് (1965)
9) ദാഹം (1965)
10) സ്ഥാനാര്‍ത്ഥി സാറാമ്മ (1966)
11) റൗഡി (1966)
12) അര്‍ച്ചന (1966)
13) ഒള്ളതു മതി (1967)
14) നാടന്‍ പെണ്ണ് (1967)
15) കോട്ടയം കൊലക്കേസ് (1967)
16) യക്ഷി (1968)
17) തോക്കുകള്‍ കഥ പറയുന്നു (1968)
18) പാല്‍മണം (തമിഴ്) (1968)
19) ഭാര്യമാര്‍ സൂക്ഷിക്കുക (1968)
20) കൂട്ടുകുടുംബം (1969)
21) കടല്‍പ്പാലം (1969)
22) അടിമകള്‍ (1969)
23) വാഴ്വേമായം (1970)
24)മിണ്ടാപ്പെണ്ണ് (1970 )
25)കുറ്റവാളി (1970)
26) കല്‍പ്പന (1970)
27) അമ്മ എന്ന സ്ത്രീ (1970)
28) അരനാഴികനേരം (1970)
29) തെറ്റ് (1971)
30)ഒരു പെണ്ണിന്റെ കഥ (1971)
31)ലൈന്‍ ബസ്സ് (1971)
32)കരകാണാക്കടല്‍ (1971)
33)ഇങ്ക്വിലാബ് സിന്ദാബാദ് (1971)
34)അനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
35)പുനര്‍ജന്‍മം (1972)
36)ദേവി (1972)
37)അച്ഛനും ബാപ്പയും (1972)
38)ആദ്യത്തെ കഥ (1972)
39)പണിതീരാത്ത വീട് (1973)
40)കലിയുഗം (1973)
41)ചുക്ക് (1973)
42)അഴകുള്ള സെലീന (1973)
43)കന്യാകുമാരി (1974)
44)ജീവിക്കാന്‍ മറന്നുപോയ സ്ത്രീ (1974)
45)ചട്ടക്കാരി (1974)
46)മക്കള്‍ (1975)
47)ചുവന്ന സന്ധ്യകള്‍ (1975)
48)ജൂലി (ഹിന്ദി) (1975)
49)പ്രിയംവദ (1976)
50)ഓര്‍മ്മകള്‍ മരിക്കുമോ (1977)
51)അമ്മേ അനുപമേ (1977)
52)യെ ഹെ സിന്തഗി (ഹിന്ദി) (1977)
53)നക്ഷത്രങ്ങളെ കാവല്‍ (1978)
54)ഓപ്പോള്‍ (1981)
55)അഫ്സാന ദോ ദിലോംകാ (ഹിന്ദി) (1982)
56)സിന്ദഗി ജീനേ കേലിയേ (ഹിന്ദി) (1984)
57)അറിയാത്ത വീഥികള്‍ (1984)
58)ആരോരുമറിയാതെ (1984)
59)അവിടുത്തെപ്പോലെ ഇവിടെയും (1985)
60)സുനില്‍ വയസ്സ് 20 (1986)
61)വേനല്‍ക്കിനാവുകള്‍ (1991)
62)മറുപക്കം (തമിഴ്) (1991)
63)നമ്മവര്‍ (തമിഴ്) (1994)
64)സ്ത്രീ (തെലുങ്ക്) (1995)

Leave A Reply

Your email address will not be published.

error: Content is protected !!