കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍ അറിയിച്ചു. വെള്ളിയാഴ്ച മുതല്‍ ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തില്‍ ഏകദേശം മൂന്നരക്കോടി രൂപയുടെ കുറവുണ്ടായി.കോവിഡിനു ശേഷമുള്ള റെക്കോര്‍ഡ് വരുമാനമാണു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. 5.79 കോടി രൂപ. വെള്ളിയാഴ്ചയും അതുപോലെ വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ അത് 4.83 കോടിയായി കുറഞ്ഞു. ഇന്നു ഡ്യൂട്ടി ബഹിഷ്‌കരിച്ചാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. നിലവില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന സംഘടനകള്‍ അതില്‍ നിന്നു പിന്മാറി സര്‍വീസ് നടത്തണമെന്നും സിഎംഡി അഭ്യര്‍ഥിച്ചു.
ശമ്പളം നല്‍കുന്നതിനായി 60 കോടി രൂപയാണ് കെഎസ്ആര്‍ടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് 30 കോടി നല്‍കി.ഈ തുക കെഎസ്ആര്‍ടിസി നല്‍കാനുള്ള വായ്പക്കുടിശിക ഇനത്തില്‍ ബാങ്കുകള്‍ ഈടാക്കി. വരുമാനത്തില്‍നിന്നു മിച്ചംപിടിച്ച് ജീവനക്കാരുടെ പിഎഫ്, എല്‍ഐസി, നാഷനല്‍ പെന്‍ഷന്‍ സ്‌കീം എന്നിവ അടയ്ക്കുകയായിരുന്നു. ധനവകുപ്പ് നല്‍കാത്ത സ്ഥിതിക്ക് ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതിനും മറ്റുമായി കരുതിയിരുന്ന തുകയെടുത്താണു ശമ്പളം നല്‍കുന്നത്.