ഭൂരഹിതര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ ഭൂമിയും വീടും; മുഖ്യമന്ത്രി

0

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ അധ്യക്ഷനായിരുന്നു.ലാന്റ് ബോര്‍ഡ് വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ഇതിലുള്‍പ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കും. ലൈഫ് ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ഭൂരഹിതര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേകം ലാന്‍ഡ് ബാങ്ക് തയ്യാറാക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റല്‍ സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ അനുവദിച്ചിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നല്ല പങ്ക് ഭൂമിയും സര്‍ക്കാരിലേക്ക് വന്നുചേരും.

Leave A Reply

Your email address will not be published.

error: Content is protected !!