ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
കാഴ്ചപ്പാടു രേഖ തയ്യാറാക്കല്‍: ശില്‍പശാല ഇന്ന്

വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ ഗോത്രവര്‍ഗ സൗഹൃദ വിദ്യാഭ്യാസം കാഴ്ചപ്പാടു രേഖ തയ്യാറാക്കുന്നതിനായി ശില്‍പശാല നടത്തുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഗോത്രവിഭാഗം കുട്ടികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുക, ഭാഷാപരമായി ഉള്‍ച്ചേര്‍ക്കുക, സമഗ്ര വികസനത്തിനും തൊഴില്‍ പരിശീലനത്തിനും സ്‌കോളര്‍ഷിപ്പിനും ആവശ്യമായ പിന്തുണകള്‍ നല്‍കുക, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുക തുടങ്ങിയ സാമൂഹ്യ ഇടപെടലുകള്‍ക്ക് അവസരമൊരുക്കു ന്നതിനാണ് കാഴ്ചപ്പാട് രേഖ തയ്യാറാക്കുന്നത്. വയനാട് ഡയറ്റില്‍ ഇന്ന് (വെള്ളി) നടക്കുന്ന ശില്‍പശാലയില്‍ ഡോ. പി.പി. പ്രകാശന്‍, ഡോ.എ.കെ. അബ്ദുല്‍ ഹക്കീം, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. സുല്‍ത്താന്‍ ബത്തേരിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രമാണ് ഗോത്രസൗഹൃദ വിദ്യാഭ്യാസം എന്ന ആശയ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത്.

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 – 22 വര്‍ഷത്തെ ടി.എസ്.പി പദ്ധതിയിലുള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുളള  മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ 2021 – 22 വര്‍ഷം ഡിഗ്രി, പിജി, ഡിപ്ലോമ എഞ്ചിനീയറിംഗ്, മെഡിക്കല്‍, ഗവേഷണം തുടങ്ങിയ കോഴ്‌സുകളില്‍ രണ്ടാം വര്‍ഷം, മൂന്നാം വര്‍ഷം പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.  മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. മെറിറ്റില്‍ അഡ്മിഷന്‍ നേടി ഗവണ്‍മെന്റ് സ്ഥാപനങ്ങളിലോ, എയ്ഡഡ് സ്ഥാപനങ്ങളിലോ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കുവാന്‍ അര്‍ഹതയുള്ളത്. അപേക്ഷകള്‍ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പരിധിയിലുള്ള നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി, അമ്പലവയല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം, സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഗ്രാമപഞ്ചായത്ത് മുഖേന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് കോപ്പി, പാസ്സായ കോഴ്‌സുകളുടെ മാര്‍ക്ക് ലിസ്റ്റ് കോപ്പി എന്നിവ സമര്‍പ്പിക്കണം. അപേക്ഷ ഡിസംബര്‍ 27 നകം സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിലോ അതാത് പരിധിയിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 04936 221074

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

വയനാട് ജില്ല എം.ജി.എന്‍.ആര്‍.ഇ.ജി.എ ഓബുഡ്‌സ്മാന്‍ ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം, പിജി.ഡി.സി.എ. യോഗ്യതയുളള  18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുളള അപേക്ഷ ഡിസംബര്‍ 22 നകം ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍,  എം.ജി.എന്‍.ആര്‍.ഇ.ജി.എ ജില്ലാ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍. 04936 294969.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനം

സി-ഡിറ്റ് നടപ്പിലാക്കുന്ന എഫ്.എം.എസ് എം.വി.ഡി പ്രോജക്ടില്‍ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/ ബി.സി.എ/ ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ആണ് യോഗ്യത.  താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഡിസംബര്‍ 21 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കോഴിക്കോട് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cdit.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

വെള്ളമുണ്ട ഗവ. ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച  ഡിസംബര്‍ 21ന് രാവിലെ 11ന് വെള്ളമുണ്ട ഐ.ടി.ഐയില്‍ നടക്കും. എം.ബി.എ/ ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫയര്‍/ ഇക്കണോമിക്‌സ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.  ഫോണ്‍: 9995374221, 9446257015.

പ്രസവ ധനസഹായ വിതരണം

കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2012 മാര്‍ച്ച് 27 മുതല്‍ 2019 മാര്‍ച്ച് 31 വരെയുളള പ്രസവാനുകൂല്യം 2000 രൂപ ലഭിച്ച അംഗങ്ങള്‍ക്കുളള  അധിക ധനസഹായമായ 13000 രൂപയ്ക്ക്  ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ ഡിസംബര്‍ 24 നകം  ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ക്ഷേമനിധി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക്, കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതമാണ് ഹാജരാകേണ്ടത്. ഫോണ്‍: 04936206426

ബി-ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം

മാനന്തവാടി ഗവണ്‍മെന്റ് എഞ്ചിനീയറിങ്ങ് കോളേജില്‍ ഒഴിവുള്ളതും ഒഴിവു വരാന്‍ സാധ്യതയുള്ളതുമായ രണ്ടാം വര്‍ഷ (എസ് 3 ) ബി ടെക്ക് ലാറ്ററല്‍ എന്‍ടി (ലെറ്റ് ) സീറ്റുകളിലേക്ക്  തല്‍സമയ പ്രവേശനം നടത്തുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ചെക്ക് ലിസ്റ്റ് പ്രകാരമുളള  രേഖകള്‍ സഹിതം  ഡിസംബര്‍ 17 ന് രാവിലെ 11 നു മുന്‍പായി രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ പ്രവേശനം ലഭിച്ചിട്ടുളളവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും എന്‍. ഒ. സി ഹാജരാക്കേണ്ടതാണ്. (സര്‍ക്കാര്‍ എന്‍ജിനിയറിംഗ് കോളേജില്‍ നിന്നുളള വരൊഴികെ). പുതുതായി പ്രവേശനം ലഭിക്കുന്നവര്‍ അന്ന് തന്നെ എല്ലാ അസ്സല്‍ രേഖകളും ചെക്ക് ലിസ്റ്റ് പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവന്‍ ഫീസും അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gecwyd.ac.in എന്ന കോളേജ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍   04935 257321.

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചണ്ണോത്തുകൊല്ലി, ചാമപ്പാറ, കുരിശുമല  എന്നീ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട്  5.30 വരെ വൈദ്യുതി മുടങ്ങും.

കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാളല്‍ സ്‌കൂള്‍, മാടക്കുന്ന് എന്നീ ഭാഗങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!