ജിഎസ്ടി കൂട്ടി; തൈരിനും മോരിനും 5% നികുതി

0

പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും ബാങ്ക് നല്‍കുന്ന ചെക്ക് ബുക്കിനുമടക്കം വില കൂടും. ഇതുവരെ നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് 5% നികുതി ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ചെക്ക് ബുക്കിന് 18% ആണു നികുതി. പുതിയ നിരക്കുകള്‍ ജൂലൈ 18നു പ്രാബല്യത്തില്‍ വരും.മുന്‍പ് ബ്രാന്‍ഡഡ് ആയി വില്‍ക്കുന്ന ചില ഉല്‍പന്നങ്ങള്‍ക്കായിരുന്നു നികുതി. ഇതു നികുതിവെട്ടിപ്പിനു കാരണമാകുമെന്നതിനാല്‍ ബ്രാന്‍ഡഡ്, ബ്രാന്‍ഡഡ് അല്ലാത്തത് എന്ന വ്യത്യാസമില്ലാതെ നികുതി ഏര്‍പ്പെടുത്തി. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസണ്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര അടക്കമുള്ളവയ്ക്കും വില കൂടും.ദിവസം 5000 രൂപയ്ക്കു മുകളില്‍ വാടകയുള്ള ആശുപത്രിമുറികള്‍ക്ക് (ഐസിയു ഒഴികെ) 5% നികുതി ഈടാക്കും. ദിവസം 1000 രൂപയില്‍ താഴെയുള്ള ഹോട്ടല്‍മുറി വാടകയില്‍ 12% നികുതി ചുമത്തും. നിലവില്‍ ഇവ രണ്ടിനും ജിഎസ്ടി ബാധകമായിരുന്നില്ല.എല്‍ഇഡി ലൈറ്റ്, വാട്ടര്‍ പമ്പ്, സോളര്‍ വാട്ടര്‍ ഹീറ്റര്‍ എന്നിവയുടെ ജിഎസ്ടി 12 ല്‍ നിന്ന് 18% ആക്കി. ചില ഉല്‍പന്നങ്ങളുടെ നികുതിയിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കാനും മറ്റുമാണ് നിരക്കുകളില്‍ വ്യത്യാസം വരുത്തിയത്.

അപേക്ഷാഫീസിന് ജിഎസ്ടി ഇല്ല

പ്രവേശനപരീക്ഷകള്‍ക്കുള്ള അപേക്ഷാ ഫീസിനും യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസിനും ജിഎസ്ടി ബാധകമല്ലെന്നു കൗണ്‍സില്‍ വ്യക്തത വരുത്തി. ബാറ്ററി കിറ്റ് ഉള്ളതും ഇല്ലാത്തതുമായ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5% നികുതിയുണ്ടാകും. മാങ്ങയുടെ പള്‍പ്പിനടക്കം 12% ജിഎസ്ടി ബാധകം.

കൃത്രിമ ഗര്‍ഭധാരണ ചികിത്സ (ഐവിഎഫ്) അടക്കമുള്ളവ ആരോഗ്യസേവനമായി പരിഗണിക്കുന്നതിനാല്‍ ജിഎസ്ടി ബാധകമാകില്ല. വസ്തു നിരപ്പാക്കി ഡ്രെയിനേജ് സംവിധാനം അടക്കം നിര്‍മിച്ചുവില്‍ക്കുന്നതിനും ജിഎസ്ടി ബാധകമല്ല. യാത്രയ്ക്കായി മോട്ടര്‍ വാഹനങ്ങള്‍ കമ്പനികള്‍ക്കു നിശ്ചിത കാലയളവില്‍ വാടകയ്ക്കു നല്‍കുന്നതിനു നികുതി ബാധകമായിരിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!