ജില്ലയിലെ വീട്ടമ്മമാരെ ലക്ഷ്യമിട്ട് മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സംഘം സജീവം. 4 പേരടങ്ങിയ സംഘം കഴിഞ്ഞയാഴ്ച വാഗ്ദാനം അടങ്ങിയ നോട്ടീസുകള്‍ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. ബത്തേരിയിലും പരിസരപ്രദേശങ്ങളിലും, മേപ്പാടി, പുല്‍പ്പള്ളി, ഇരുളം, അമ്പലവയല്‍ തുടങ്ങിയ ഇടങ്ങളിലാണ് വിതരണം നടത്തിയത്. ഇതിലൂടെ നിരവധി വനിതാഗ്രൂപ്പുകള്‍ തട്ടിപ്പിന് ഇരയായതായാണ് വി വരം.പരാതികള്‍ വന്നുതുടങ്ങിയതോടെ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സംഘം വാഗ്ദാനം ചെയ്ത വായ്പതുക കിട്ടാതായതോടെ തട്ടിപ്പിനിരയായ രണ്ട് പേര്‍ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി പൊലിസീല്‍ പരാതിയുമായെത്തി. ഇതിനുപുറമെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയതോടെ പൊലിസ് അന്വേഷം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി ഇപ്പോള്‍ നിങ്ങളുടെ നാട്ടിലും എന്ന തലക്കെട്ടോടെയുള്ള ലോണിനുള്ള നിബന്ധനകള്‍ പറയുന്ന നോട്ടീസ് സംഘം വിതരണം ചെയ്തത്. വനിതാസ്വയം സഹായ കൂട്ടങ്ങള്‍ക്ക് ഞങ്ങളുടെ കമ്പനി വഴി സ്ത്രീകള്‍ക്ക് ലോണ്‍ കൊടുക്കുന്നു എന്ന വാഗ്ദാനമാണ് ഇക്കൂട്ടര്‍ നല്‍കുന്നത്.
അമ്പതിനായിരം, ഒരുലക്ഷം രൂപ എന്നിങ്ങനെയാണ് വായ്പതുക. അമ്പതിനായിരത്തിന് പ്രതിമാസ തിരിച്ചടവ് 1900 രൂപയും, ഒരു ലക്ഷത്തിന് 3800രൂപയുമാണ് തിരിച്ചടവ്. 30മാസം കൊണ്ട് തിരിച്ചടച്ചാല്‍ മതിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്. വായ്പ ലഭിക്കുന്നതിന്ന മുന്‍കൂറായി 980 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ഇതുപ്രകാരം 10 അംഗങ്ങളുള്ള ഗ്രൂപ്പ് 9800ഉം, 20 അംഗങ്ങളുള്ള ഗ്രൂപ്പ് 19600 രൂപയും നല്‍കി. നോട്ടീസില്‍ നല്‍കിയിരിക്കുന്ന രണ്ട് നമ്പറുകളിലേക്ക് ഗൂഗിള്‍പേ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ഇതുപ്രകാരം നിരവധി ആളുകളാണ് പണം നല്‍കിയോടെ തട്ടിപ്പിനിരയായത്. ഇത്തരത്തില്‍ ജില്ലയില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് സംഘം നടത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.