സംസ്ഥാനത്ത് അരി വില കുതിക്കുന്നു. പൊന്നി ഒഴിച്ചുള്ള എല്ലാ ഇനങ്ങള്‍ക്കും വില കൂടി. രണ്ട് മാസത്തിനിടെ അരി വിലയില്‍ 10 രൂപയുടെ വരെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ആവശ്യക്കാരേറെ ഉള്ള ജയ അരിക്കും ജ്യോതി അരിക്കും 10 രൂപ കൂടി. സുരേഖ, സോണ്‍ മസൂരി ഇനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. ഉണ്ട മട്ടയ്ക്ക് ആറ് രൂപയോളമാണ് വര്‍ധിച്ചത്. മട്ട (വടി) അരിയുടെ വില മിക്ക ജില്ലകളിലും 50 രൂപ കടന്നു. ബ്രാന്‍ഡഡ് മട്ട (വടി) അരിയുടെ വില 59 രൂപയ്ക്കും മുകളിലാണ്. മട്ട (ഉണ്ട) അരി വില 46 രൂപയും ബ്രാന്‍ഡഡ് മട്ട (ഉണ്ട) 48 രൂപയും കടന്നു. കുറുവ, സുരേഖ അരിയിനങ്ങള്‍ക്കും വില കുതിച്ചുകയറി. അരി വില കൂടിയതോടെ ഉപോല്‍പ്പന്നങ്ങളായ അവല്‍, പച്ചരി, അരിപ്പൊടികള്‍, അരച്ച മാവ് എന്നിവയ്ക്കും വില കൂടിയിട്ടുണ്ട്.
അരി വരവ് കുറഞ്ഞത് തിരിച്ചടി
അയല്‍ സംസ്ഥാനങ്ങളില്‍ അരി വരവ് കുറഞ്ഞതാണ് പൊതുവിപണിയിലെ വിലക്കയറ്റത്തിന് കാരണം. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞിട്ടുണ്ട്. ആന്ധ്രയില്‍ സര്‍ക്കാര്‍ ന്യായ വിലയ്ക്ക് അരി സംഭരിക്കാന്‍ തുടങ്ങിയത് കേരളത്തെ നല്ല രീതിയില്‍ ബാധിച്ചു. കേരളത്തിലെ വ്യാപാരികള്‍ക്ക് അരി നല്‍കിയിരുന്ന ആന്ധ്രയിലെ കര്‍ഷകര്‍ മല്ല വില കിട്ടിയതോടെ സര്‍ക്കാരിന് അരി കൈമാറുന്ന നില വന്നു. ശ്രീലങ്കയിലേക്ക് അരി ആവശ്യം കൂടിയതോടെ തമിഴ്‌നാട്ടിലെ മില്ലുകള്‍ കൂടുതല്‍ അരി അങ്ങോട്ടേക്ക് നല്‍കി തുടങ്ങിയതും തിരിച്ചടിയായി. ലങ്കയില്‍ നിന്ന് നല്ല വില അരിക്ക് ലഭിക്കുന്നുണ്ട്.
വിപണിയില്‍ ഇടപെടുന്നുണ്ടെന്ന് ഭക്ഷ്യ മന്ത്രി
അരി വരവ് കുറഞ്ഞതിനൊപ്പം ഓണം മുന്നില്‍ക്കണ്ട് കേരളത്തിലെ വ്യാപാരികള്‍ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. അതേസമയം വിലക്കയറ്റം തടയാന്‍ ആവശ്യമായ ഇടപടെല്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വില്‍പ്പന നടത്താന്‍ ആവശ്യത്തിന് അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 700 ലോഡ് അരി ആന്ധ്രയില്‍ നിന്ന് സപ്ലെകോയില്‍ ഉടന്‍ എത്തുന്നതോടെ നിലവിലെ വില കുറയാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.