കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം: പ്രതി കുറ്റക്കാരന്‍; ശിക്ഷ ഇന്ന് വിധിക്കും
വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി തൊട്ടില്‍പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ (45) കുറ്റക്കാരനെന്ന് കല്‍പ്പറ്റ സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. 2018 ജൂലൈ 6 നായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. നവദമ്പതികളായ വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കേസ് അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്.
2018 സെപ്റ്റംബറില്‍ പ്രതി അറസ്റ്റിലായി. മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെ ദമ്പതികളെ കമ്പിവടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. മോഷണത്തിനായി വീട്ടിലെത്തിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും പ്രതി കയ്യില്‍ കരുതിയിരുന്ന കമ്പിവടി കൊണ്ടു അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത ശേഷം പ്രതി വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി രക്ഷപ്പെടുകയായിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് 2020 നവംബറിലാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത്.
72 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ 42 പേരെയാണ് വിസ്താരത്തിനായി തിരഞ്ഞെടുത്തത്. എഴുന്നൂറോളം പേരെയാണ് പൊലീസ് നിരീക്ഷിച്ചത്. പ്രതിയും പൊലീസിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട ആളായിരുന്നു. അറസ്റ്റിലായ അന്നുമുതല്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.