ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണം- പനമരം പൗരസമിതി

0

പനമരം: പനമരം ടൗണിലെത്തുന്ന യാത്രികര്‍ക്ക് ബസ് കാത്തിരിക്കാനും ശങ്ക തീര്‍ക്കാനും ഇടമൊരുക്കണമെന്ന് പനമരം പൗരസമിതി. മുന്‍കാല പഞ്ചായത്ത് ഭരണസമിതികളുടെ ദീര്‍ഘവീക്ഷണമില്ലാത്ത വികസ പ്രവര്‍ത്തനങ്ങളാണ് ടൗണിന്റെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നും ആരോപണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി പനമരം ടൗണിലെത്തുന്നത്. ഇവര്‍ക്കൊന്ന് പ്രാഥമികാവശ്യം നിര്‍വ്വഹിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. നിലവിലെ പഞ്ചായത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ ശോചനീയാവസ്ഥയിലായതിനാല്‍ അകത്ത് കയറാന്‍ പോലും ആളുകള്‍ മടിക്കുന്ന സ്ഥിതിയാണ്. അതുപോലെ മാനന്തവാടി ഭാഗത്തേക്ക് ബസ് കാത്തിരിക്കാന്‍ ഒരു ബസ് സ്റ്റോപ്പ് ടൗണിലില്ല.

വര്‍ഷങ്ങളായി കടവരാന്തകളിലാണ് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത്. കല്‍പ്പറ്റ , ബത്തേരി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കും ഒരു സുരക്ഷിതമായ ബസ് കാത്തിരിപ്പു കേന്ദ്രമില്ല. നിലവില്‍ ഉള്ളത് ഏതു നിമിഷവും നിലംപൊത്തല്‍ ഭീഷണിയിലായി അപകടക്കെണിയിലാണ്. ഇതോടെ മഴയും വെയിലും കൊണ്ട് കുട്ടികളും സ്ത്രീകളും, രോഗികളും ഉള്‍പ്പെടെയുള്ളവര്‍ ഒന്നിരിക്കാനും വിശ്രമിക്കാനും ഒരിടമില്ലാതെ ദുരിതത്തിലാണ്. ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയത ടൗണില്‍ വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുകയാണ്.

അതിനാല്‍ പനമരം ടൗണിലെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പഞ്ചായത്ത് ഭരണ സമിതിയുടെ അശാസ്ത്രീയവും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് പല നിര്‍മാണ പ്രവര്‍ത്തികളും താളം തെറ്റിയത് പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, കണ്‍വീനര്‍ റസാക്ക് സി. പച്ചിലക്കാട്, ജോ. കണ്‍വീനര്‍ കാദറുകുട്ടി കാര്യാട്ട്, ട്രഷറര്‍ വി.ബി രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!