വിശ്വാസികള്‍ക്ക് ആഹ്ലാദമായി പുണ്യ റംസാന്‍ പിറന്നു. പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളില്‍ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമളാനെ വരവേല്‍ക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികള്‍ പകല്‍ മുഴുവന്‍ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍ മാത്രം മനസ്സ്പ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനകളില്‍ മുഴുകണമെന്നാണ് മതപണ്ഡിതര്‍ നല്‍കുന്ന നിര്‍ദേശം. മാസ്‌കും സാമൂഹ്യ അകലവും ഉറപ്പ് വരുത്തി പള്ളികളില്‍ എത്തിച്ചേരാനാണ് വിശ്വാസികളോട് നിര്‍ദേശിച്ചിരിക്കുന്നത്.
സത്കര്‍മങ്ങള്‍ക്ക് മറ്റുമാസങ്ങളെക്കാള്‍ റംസാനില്‍ ഏറെ പുണ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് ദാനധര്‍മങ്ങള്‍ക്ക് റംസാനില്‍ ഏറെ പ്രാധാന്യം നല്‍കുന്നു.അവസാന പത്തിലെ ഒറ്റയിട്ട രാവുകള്‍ ഏറ്റവും പുണ്യകരമായ രാവുകളാണ്.ഇതില്‍ അവസാനത്തെ പത്തില്‍ പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാള്‍ പുണ്യകരവുമായ രാവാണ് ലൈലത്തുല്‍ ഖദ്ര്. ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത.രാത്രിയിലെ തറാവീഹ് നമസ്‌കാരവും ഇഫ്താര്‍ വിരുന്നുകളിലെ സൗഹൃദ സംഗമങ്ങളുമെല്ലാമായി ഓരോ വിശ്വാസിയും ഇനി പ്രാര്‍ഥനയുടെ തിരക്കുകളിലലിയും.