പുതുമോടിയോടെ പിണറായി 2.0 : എം.ബി രാജേഷ് സ്പീക്കർ; കെ.കെ ശൈലജയ്ക്ക് സ്ഥാനമില്ല

0

കെ.കെ. ശൈലജയെ ഒഴിവാക്കിയും എം.ബി. രാജേഷിനെ സ്പീക്കറാക്കിയും രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങൾ. ആർ.ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ വാസവൻ, വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയും കെ.കെ ശൈലജയും ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് മന്ത്രിമാരെ സിപിഐഎം പ്രഖ്യാപിച്ചത്. എല്ലാവരും പുതുമുഖങ്ങൾ എന്നിരിക്കെ, ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാകില്ലെന്നാണ് സെക്രട്ടറിയറ്റ് വ്യക്തമാക്കിയത്.

വീണാ ജോർജും ആർ.ബിന്ദുവും ആണ് സിപിഐഎം കളത്തിലിറക്കിയിരിക്കുന്ന വനിതാ മന്ത്രിമാർ. ആറന്മുളയിൽ നിന്ന് രണ്ടാം ഊഴത്തിലും വിജയിച്ചുകയറിയ വീണാ ജോർജിന് സാമുദായിക പരിഗണന അടക്കം നൽകിക്കൊണ്ടാണ് മന്ത്രിപദവി ലഭിച്ചിരിക്കുന്നത്. കേരള വർമ കോളജ് പ്രഫസർ കൂടിയായ ആർ.ബിന്ദു ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

എം.വി ഗോവിന്ദൻ, പി. രാജീവ്, കെ രാധാകൃഷ്ണൻ കെ.എൻ. ബാലഗോപാൽ എന്നിവരാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും മന്ത്രിസഭയിലേക്ക് എത്തുന്നത്. നേരത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും സ്പീക്കർ സ്ഥാനമാണ് തൃത്താല എംഎൽഎ എംബി രാജേഷിന് നൽകിയിരിക്കുന്നത്.

ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന, നിപയെയും മഹാമാരിയെയും പ്രതിരോധിച്ച് മികച്ച ഭരണം എന്ന് ജനങ്ങൾ തെളിയിച്ച കെ.കെ ശൈലജയുടെ പേര് പട്ടികയിൽ ഇല്ലാത്തതും സുപ്രധാനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള ചരിത്രത്തിൽ എഴുതിക്കുറിച്ച് കൊണ്ട് വൻ ഭൂരിപക്ഷത്തോടെ (60,963) യാണ് കെ.കെ ശൈലജ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഐയിൽ നാല് പേരും പുതുമുഖങ്ങളാണ്. ചിഞ്ചുറാണി, പി. പ്രസാദ്, ജി.ആർ അനിൽ, കെ രാജൻ എന്നിവരാണ് മന്ത്രിമാർ. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കറായി തുടരും. ഇ.കെ വിജയനാണ് പാർട്ടി നിയമസഭാ കക്ഷി നേതാവ്. 1961 ൽ പാർട്ടിയുടെ പിളർപ്പിന് ശേഷം സിപിഐയുടെ ആദ്യ വനിതാ മന്ത്രിയാകും ഇതോടെ ചിഞ്ചുറാണി.

Leave A Reply

Your email address will not be published.

error: Content is protected !!