വെള്ളമുണ്ട സ്‌കൂള്‍ ഗ്രൗണ്ട് സംരക്ഷിക്കണം; പ്രതിഷേധം ശക്തമാകുന്നു
വെള്ളമുണ്ട സ്‌കൂള്‍ ഗ്രൗണ്ടിലെ കെട്ടിട നിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് വെള്ളമുണ്ട സ്‌ട്രൈക്കേഴ്‌സ് ക്ലബ്. ഗ്രൗണ്ട് സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും, ചിലരുടെ പിടിവാശിയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു. ക്ലബ്ബിന്റെ നേതൃത്വത്തില്‍ കായിക പ്രേമികളെയും, യുവാക്കളെയും, നാട്ടുകാരെയും ഉള്‍പ്പെടുത്തി ഗ്രൗണ്ട് സംരക്ഷണ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിന് തയ്യാറായി കഴിഞ്ഞു.
കളിസ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുന്നതിനെതിരെ കായികപ്രേമികള്‍ക്കിടയിലും, യുവാക്കള്‍ക്കിടയിലും പ്രതിഷേധം ശക്തമാവുകയാണ്. സ്‌കൂളിന് കെട്ടിടം വേണമെന്നത് ആവശ്യമായ കാര്യമാണെങ്കിലും, നിലവിലെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥലത്തുള്ള ഫിറ്റ്‌നസ് പ്രശ്‌നമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി ആസ്ഥാനത്ത് സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കണം എന്നാണ് ഇവരുടെ ആവശ്യം.
ചിലരുടെ പിടിവാശിയാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും ക്ലബ്ബ് അംഗങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വെള്ളമുണ്ടയില്‍ ട്രോഫികളുമേന്തി ക്ലബ്ബ് പ്രവര്‍ത്തകരും യുവാക്കളും പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധ പരിപാടികള്‍ ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.