പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗവ്യാപന നിരക്കില്‍ ആശങ്ക; പട്ടികയില്‍ കേരളത്തിലെ 9 ജില്ലകള്‍

0

ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ക്ലസ്റ്ററുകളിലെ രോഗ വ്യാപന നിരക്കില്‍ ആശങ്കയറിയിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ 9 ഉള്‍പ്പടെ രാജ്യത്തെ 18 ജില്ലകളിള്‍ വ്യാപനതോത് കൂടുതലാണ്. പോസിറ്റിവിറ്റി നിരക്ക് 10% വരെയെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോസിറ്റീവ് സാമ്പിള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, അന്താരാഷ്ട്ര വിമാനയാത്രക്കാരായ 12 പേരുടെ സ്രവ പരിശോധന ഫലം കാത്തിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായെത്തിയ യാത്രക്കാരില്‍ 12 പേരാണ് കൊവിഡ് പോസിറ്റീവായത്. ഇവരുടെ ജനിതക ശ്രേണീകരണ ഫലം വരാന്‍ കുറഞ്ഞത് രണ്ടു ദിവസം കൂടിയെങ്കിലും കാക്കേണ്ടി വരും. കൊവിഡ് പൊസിറ്റീവായ 12 പേരെയും എല്‍ എന്‍ ജെ പി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ, കഴിഞ്ഞമാസം യുകെയില്‍നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന് രണ്ടാമത്തെ പരിശോധനയിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമര്‍ ഫറൂഖ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകനുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്രവ സാമ്പിളുകളും ഉടന്‍ ജനിതക ശ്രേണി പരിശോധനക്കായി അയക്കും. ആരോഗ്യ പ്രവര്‍ത്തകനുമായി അടുത്ത് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മറ്റ് രണ്ട് പേര്‍ കൂടി നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.

വായയും മൂക്കും മറയും വിധം മാസ്‌ക്ശരിയായി ധരിക്കുക, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, ആളുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കുക , കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണു വിമുക്തമാക്കുക എന്നിവ വിട്ടുവീഴ്ച വരുത്താതെ എല്ലാവരും പാലിക്കണം. കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് വാക്‌സിനെടുത്ത് സുരക്ഷിതരാകണമെന്നും ഡിഎംഒ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!