3 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമ, പരസ്യം, സമൂഹമാധ്യമ, ഒടിടി പ്ലാറ്റ്‌ഫോം വിഡിയോകള്‍ എന്നിവയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിനു വിലക്കു വരുന്നു. ഇതു സംബന്ധിച്ച കരടു മാര്‍ഗരേഖ ദേശീയ ബാലാവകാശ കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. കുട്ടികള്‍ ഉള്‍പ്പെട്ട പരിപാടികള്‍ ചിത്രീകരിക്കുന്നതിനു മുന്‍പു കലക്ടറുടെ അനുമതി നേടിയിരിക്കണമെന്നു മാര്‍ഗരേഖയില്‍ പറയുന്നു. ചിത്രീകരണത്തിനു കലക്ടര്‍ നല്‍കുന്ന സമ്മതപത്രത്തിനു 6 മാസമാകും കാലാവധി.പ്രതിരോധ കുത്തിവയ്പ്, മുലയൂട്ടല്‍ തുടങ്ങിയ വിഷയങ്ങളിലെ ബോധവല്‍ക്കരണ പരിപാടികളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങള്‍ക്കു വിലക്കില്ല.കരടു മാര്‍ഗരേഖയില്‍ 30 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം. അതിനു ശേഷമാകും അന്തിമ വിജ്ഞാപനം. നിലവില്‍ കുട്ടികളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു മാര്‍ഗരേഖ നിലവിലുണ്ട്.കുട്ടികളെ കളിയാക്കുന്നതോ, മോശമായി കാട്ടുന്നതോ ആയ ചിത്രീകരണങ്ങള്‍ പാടില്ല. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കു 3 വര്‍ഷത്തെ തടവ് ഉള്‍പ്പെടെയുള്ള ശിക്ഷയാണു നിര്‍ദേശിച്ചിരിക്കുന്നത്.നവജാത ശിശുവിനെ ദിവസം ഒരു മണിക്കൂറില്‍ കൂടുതല്‍ ചിത്രീകരണത്തില്‍ ഭാഗമാക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം നഴ്‌സിനെയും സ്ഥലത്തു ക്രമീകരിക്കണം. കുട്ടികള്‍ക്കു പാഠഭാഗങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ഷൂട്ടിങ് സൈറ്റുകളില്‍ ട്യൂഷന്‍ സംവിധാനം ക്രമീകരിക്കണം. മദ്യം, പുകവലി, ശരീര പ്രദര്‍ശനം എന്നിവയില്‍ കുട്ടികള്‍ ഉള്‍പ്പെടാന്‍ പാടില്ല.
*കുട്ടികളെ ദുരുപയോഗം ചെയ്യാതിരിക്കാന്‍ എല്ലാ മുന്‍കരുതലും ഷൂട്ടിങ് സമയത്തു സ്വീകരിച്ചുവെന്ന സന്ദേശം സിനിമയുടെയും മറ്റും ആരംഭത്തില്‍ കാട്ടണം.
* കുട്ടികളെ ഉപയോഗിച്ചുള്ള ചിത്രീകരണം പരമാവധി 27 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം.
* ദിവസം 6 മണിക്കൂറില്‍ കൂടുതല്‍ കുട്ടികളുടെ ചിത്രീകരണം പാടില്ല
* 3 മണിക്കൂര്‍ കൂടുമ്പോള്‍ വിശ്രമത്തിന് ഇടവേള നല്‍കണം.
* കുട്ടികളെ ഉപയോഗിച്ചു രാത്രി വൈകിയുള്ള ഷൂട്ടിങ് പാടില്ല. കുട്ടികള്‍ക്കു പ്രത്യേക വിശ്രമ മുറികളും ഡ്രസിങ് മുറികളും നല്‍കണം.
* കുട്ടികളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലിക്കാര്‍ക്കു സാംക്രമിക രോഗങ്ങളില്ലെന്നു പരിശോധിച്ച് ഉറപ്പു വരുത്തണം.
* ചിത്രീകരണത്തില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന്റെ 20% കുട്ടികളുടെ പേരില്‍ ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തണം.