ചരിത്ര പ്രസിദ്ധവും മതസൗഹാര്‍ദത്തിന്റെ പ്രതീകവുമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന്. 10,000 കണക്കിന് ഭക്തര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ എരുമേലിയില്‍ എത്തും.
അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങള്‍ക്ക് പേട്ടതുള്ളലിന് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. രാവിലെ 200 പേരെടങ്ങുന്ന അമ്പലപ്പുഴ സംഘത്തിന്റെ പേട്ട തുള്ളലും ഉച്ചയ്ക്ക് ശേഷം 250 പേരടങ്ങുന്ന ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളലും നടക്കും.
മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കിയാണ് അയ്യപ്പഭക്തര്‍ എരുമേലിയില്‍ പേട്ടതുള്ളുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ട തുള്ളുക. നൈനാര്‍ മസ്ജിദില്‍ പ്രവേശിച്ച് വാവരുടെ പ്രതിനിധിയെയും കണ്ടാണ് പേട്ട തുള്ളുന്നത്. അമ്പലപ്പുഴ സംഘത്തിന് കൃഷ്ണപരുന്തിന്റെ സാന്നിധ്യവും ആലങ്ങാട് സംഘത്തിന് വെളളിനക്ഷത്രവും പേട്ടതുളളലിന് അനുമതിയായി ആകാശത്ത് പ്രത്യക്ഷമാകുമെന്നാണ് വിശ്വാസം. വാവര്‍ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസം മുന്‍നിര്‍ത്തി ആലങ്ങാട് സംഘം മസ്ജിദില്‍ കയറാതെ പള്ളിയെ വണങ്ങി ആദരവര്‍പ്പിക്കും.