ഒമിക്രോണ്‍; ഹൈ റിസ്‌ക്: ക്വാറന്റീന്‍ ചട്ടങ്ങള്‍ ഇങ്ങനെ

0

വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വരുന്നവരുടെ ക്വാറന്റീന്‍ വ്യവസ്ഥകള്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം അനുസരിച്ച് കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്കു നിര്‍ദേശം നല്‍കിയെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ 7 ദിവസം ക്വാറന്റീനിലും 7 ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റു രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസിറ്റീവ് ആയവരെ കണ്ടെത്തിയാല്‍ ഉടന്‍ സമ്പര്‍ക്കപ്പട്ടിക തയാറാക്കും.

ഹോം ക്വാറന്റീന്‍

ഹോം ക്വാറന്റീനിലിരിക്കുന്നവര്‍ക്ക് പ്രത്യേകമുറിയും അനുബന്ധ ശുചിമുറിയും ഉണ്ടായിരിക്കണം. ഇവ മറ്റാരും ഉപയോഗിക്കരുത്. ക്വാറന്റീനിലുള്ളയാള്‍ വീട്ടിലെ മുതിര്‍ന്നവരുമായും മറ്റും ഒരു വിധത്തിലും സമ്പര്‍ക്കം പുലര്‍ത്തരുത്.

ക്വാറന്റീനിലുള്ളയാള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും മറ്റാരും ഉപയോഗിക്കരുത്. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം. 7 ദിവസത്തെ ക്വാറന്റീനു ശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്താം.

സ്വയം നിരീക്ഷണം

സ്വയം നിരീക്ഷണത്തിന്റെ ഭാഗമായി എപ്പോഴും സ്വന്തം ആരോഗ്യം വിലയിരുത്താം. രോഗലക്ഷണം കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാം. വീടുകളിലും പുറത്തു പോകുമ്പോഴും എന്‍ 95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. എല്ലായിടത്തും ആളകലം പാലിക്കണം.

കൈകള്‍ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണം. ഹസ്തദാനം ഒഴിവാക്കണം. മുതിര്‍ന്നവരുമായും കുട്ടികളുമായും അനുബന്ധരോഗം ഉള്ളവരുമായും ശ്രദ്ധയോടെ ഇടപെടണം. സംശയങ്ങള്‍ക്ക്: ദിശ104, 1056, 0471 2552056, 2551056.

വാക്‌സിനേഷന്‍ യജ്ഞം

ഒമിക്രോണ്‍ ഭീഷണി ശക്തമായതോടെ സംസ്ഥാനത്തു വാക്‌സിനേഷന്‍ യജ്ഞം തുടങ്ങി. 15 വരെ നടക്കുന്ന യജ്ഞത്തിലൂടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 70 ശതമാനത്തിനു മുകളില്‍ എത്തിക്കാനാണു ശ്രമം. 96.2% ഇതിനകം ഒരു ഡോസ് എടുത്തിട്ടുണ്ട്. എന്നാല്‍, രണ്ടാം ഡോസ് 65% പേരേ സ്വീകരിച്ചിട്ടുള്ളൂ.

Leave A Reply

Your email address will not be published.

error: Content is protected !!