ഡിജിറ്റല്‍ സര്‍വേ: 1500 സര്‍വെയര്‍മാരെയും 200 ഹെല്‍പ്പര്‍മാരെയും താത്ക്കാലികമായി നിയമിക്കുന്നു

0

 

സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയുടെ ഭാഗമായി നൂറുദിനം 200 പദ്ധതി എന്ന പ്രോഗ്രാം നടപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. റവന്യു വകുപ്പിന്റെ സമ്പൂര്‍ണ ജനാധിപത്യവത്ക്കരണമാണ് ഇതില്‍ പ്രധാനം. ഇതിലൂടെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹാരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ റവന്യു ഓഫീസുകളും ഇ-ഓഫീസുകളാക്കി മാറ്റും. ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും പട്ടയ മേളകള്‍ നടത്തും. ആദ്യ 100 ദിനത്തിന്റെ ഭാഗമായി 13534 പട്ടയങ്ങള്‍ വിതരണം ചെയ്തിരുന്നു. വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്തുന്നതിനായി 1500 സര്‍വെയര്‍മാരെയും 200 ഹെല്‍പ്പര്‍മാരെയും താത്ക്കാലികമായി നിയമിക്കും. ഒന്നാം വാര്‍ഷികത്തില്‍ ഒരു ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് വകുപ്പ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൃഷി വകുപ്പും റവന്യു വകപ്പും സഹകരിച്ച് നെല്‍വയല്‍ സംരക്ഷണം നടപ്പാക്കും. ഇതിന്‍മേലുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ 31 കോടി രൂപ ചെവലഴിച്ച് സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ നടപ്പാക്കും.

ഇന്ത്യയില്‍ തന്നെ ആദ്യമായി നാഷണല്‍ ഹൗസ് പാര്‍ക്ക് എന്ന ആശയം നടപ്പാക്കും. ഭവന നിര്‍മാണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം രൂപ വരെ ചെലവഴിച്ച് നിര്‍മിക്കാവുന്ന വീടുകളുടെ വിപുലമായ പ്രദര്‍ശനം ആറ് ഏക്കര്‍ സ്ഥലത്ത് ഒരുക്കുന്നതാണ് പദ്ധതി. ഇതിനെ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനും സാധിക്കും. റവന്യു വകുപ്പിന് കീഴിലുള്ള ഐ. എല്‍. ഡി. എമ്മിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഇവിടെ മൂന്ന് എം. ബി. എ കോഴ്സുകള്‍ ആരംഭിക്കും. റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും ഇവിടം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!