കല്‍പ്പറ്റ: ആരോഗ്യ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ജില്ലയിലെത്തിയ ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കി എം.എല്‍.എ. ടി. സിദ്ധിഖ്. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ നൂറോളം വരുന്ന കോവിഡ് ബ്രിഗേഡ് സ്റ്റാഫുകളെ ഒരുമിച്ച് പിന്‍വലിച്ചതിലൂടെ ആശുപത്രി പ്രവര്‍ത്തനത്തില്‍ ഗുരുതര സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇത് ജനറല്‍ ആശുപത്രിയുടെ താളം തെറ്റിച്ചിരിക്കുകയാണെന്നും, രോഗികള്‍ക്ക് ഏറെ പ്രയാസവും ബുദ്ധിമുട്ടുമാണ് ഇതുമൂലം ഉണ്ടായിട്ടുള്ളതെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.
ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതാണെങ്കിലും ഇപ്പോഴും ഇവിടെ സി.എച്ച്.സിയിലുള്ള ജീവനക്കാരുടെ എണ്ണം പോലും ഇല്ലാതിരിക്കുകയും, ഉപകരണങ്ങളുടെ അപര്യാപ്തതയും, ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ ആവശ്യത്തിനനുസരിച്ച് മെച്ചപ്പെടാത്ത ഒരു സ്ഥാപനമായി നിലനില്‍ക്കുകയാണ്. പ്രസ്തുത ആശുപത്രിയില്‍ ഐ.സി.യു പ്രവര്‍ത്തനം നിലച്ചത് ഏറെ ഗുരുതരമായ സാഹചര്യമാണ് ഉണ്ടാക്കിയിട്ടുള്ളത്.
കുട്ടികളുടെ വാര്‍ഡിന്റെ പ്രവര്‍ത്തനം നിശ്ചലമാണ്. ഒരു കാരണവശാലും ഇത്തരം സാഹചര്യം ഉണ്ടാകാന്‍ പാടില്ല. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്നും, പ്രസ്തുത ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് അടിയന്തരമായി രക്തം ആവശ്യമുള്ള ഘട്ടത്തില്‍ രക്തം ലഭിക്കുന്നതിന് ബത്തേരിയിലും, മാനന്തവാടിയിലും പോയി രക്തം കൊണ്ടുവരേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇത് പരിഹിരക്കുന്നതിന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ബ്ലഡ്ബാങ്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വകുപ്പ് മന്ത്രിയോട് ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കൂടാതെ മണ്ഡലത്തിലെ ആകെയുള്ള മോര്‍ച്ചറി സൗകര്യം വൈത്തിരി താലൂക്ക് ആശുപത്രിയില്‍ മാത്രമാണ്.
കല്‍പ്പറ്റയിലേയും, ഇതര സംസ്ഥാനങ്ങളിലേയും ആളുകള്‍ ആശ്രയിക്കുന്നതും, പ്രധാനപ്പെട്ടതുമായ താലൂക്ക് ആശുപത്രിയിലെ ഈ മോര്‍ച്ചറിയെയാണ്. എന്നാല്‍ ഈ മോര്‍ച്ചറി വളരെ ശോചനീയാവസ്ഥയിലാണ്. ഇത് പരിഹരിക്കുന്നതിന് അടിയന്തിരമായി അധ്യാതുനിക സൗകര്യങ്ങളോടെയും, ഒന്നില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഒരേസമയത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനും, അതിനാവശ്യമായിട്ടുള്ള പശ്ചാത്തലം ഉണ്ടാക്കാനും നടപടി സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.