ജില്ലയിലെ ഏഴു പഞ്ചായത്തുകള്‍ ബഫര്‍ സോണില്‍ ബത്തേരി നഗരസഭ ഭൂരിഭാഗവും

0

 

ബഫര്‍സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട് ജില്ലയിലെ ഏഴു പഞ്ചായത്തുകള്‍ പരിസ്ഥിതിലോല പരിധിയില്‍ വരും. ബത്തേരി നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബഫര്‍ സോണില്‍ ഉള്‍പ്പെടും. വയനാട്ടിലെ തിരുനെല്ലി, നെന്മേനി, നൂല്‍പുഴ പ്രദേശങ്ങളെയും ബാധിക്കും. കര്‍ഷകരും ആദിവാസികളും കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളാണിത്.

കോഴിക്കോട് ജില്ലയിലെ ഏഴു പഞ്ചായത്തുകളാണ് ബഫര്‍സോണ്‍ പരിധിയില്‍ വരുന്നത്. ജില്ലയില്‍ കൂടുതല്‍ ബാധിക്കുക ചക്കിട്ടപ്പാറ പഞ്ചായത്തിനെയാണ്. കൂരാച്ചുണ്ട് പഞ്ചായത്തും ബഫര്‍സോണ്‍ പരിധിയിലുള്‍പ്പെടുന്നു. കുതിരാന്‍ ഭാഗത്ത് റോഡ് അടക്കമുള്ള ഭാഗങ്ങള്‍ ബഫര്‍സോണ്‍ പരിധിയിലാണ്. പഞ്ചായത്തുകളെ കറുപ്പ് നിറത്തിലാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് പിങ്ക് നിറം

22 സംരക്ഷിത പ്രദേശങ്ങള്‍ക്കു ചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, റോഡുകള്‍ തുടങ്ങിയവ 12 ഇനമായി ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങള്‍ക്ക് പിങ്ക് നിറമാണ് നല്‍കിയിരിക്കുന്നത്.

ഭൂപടത്തില്‍ പച്ച നിറത്തിലുള്ള ഭാഗം വനമാണ്. അതിനു ചുറ്റും പിങ്ക് നിറത്തില്‍ കാണിച്ചിട്ടുള്ളത് ബഫര്‍ സോണ്‍ ആകാന്‍ സാധ്യതയുള്ള ഒരു കിലോമീറ്റര്‍ പ്രദേശമാണ്. ഇതില്‍ ബ്ലോക്ക് തിരിച്ചും പ്ലോട്ട് തിരിച്ചും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലുള്ള റോഡുകള്‍ മുതല്‍ വീടുകള്‍ വരെയുള്ള എല്ലാത്തരം നിര്‍മ്മിതികളും വിവിധ നിറങ്ങളില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ ജനുവരി 7-നകം അറിയിക്കാം

സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. വനംവകുപ്പിന്റെ ഈ ഭൂപടം അനുസരിച്ചാണ് എതിര്‍പ്പുകളും പരാതികളും അറിയിക്കേണ്ടത്. വിവരങ്ങള്‍ അറിയിക്കാനുള്ള ഫോറം റിപ്പോര്‍ട്ടിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോറം പൂരിപ്പിച്ച് ജനുവരി 7-നകം sezexpertcommttiee@gmail.com ലേക്ക് അയക്കുകയോ ജോയിന്റ് സെക്രട്ടറി, വനം വന്യജീവി വകുപ്പ്, അഞ്ചാം നില, സെക്രട്ടേറിയറ്റ് അനക്സ് 2, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ ലഭ്യമാക്കുകയോ വേണം.

 

 

 

Leave A Reply

Your email address will not be published.

error: Content is protected !!