വയനാട് ഗവര്‍മെന്റ്എഞ്ചിനീയറിംഗ് കോളേജ്; ക്യാമ്പസ് പ്ലേസ്മെന്റില്‍ മികച്ച നേട്ടം
മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവര്‍മെന്റ്എഞ്ചിനീയറിംഗ് കോളജിന് ഈ വര്‍ഷം ക്യാമ്പസ് പ്ലേസ്മെന്റില്‍ മികച്ച നേട്ടം. 2021 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ മുന്‍നിര കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടി.സിഎസ്, അല്‍ഗോമോക്സ്, ആമസോണ്‍, എന്നിവയുള്‍പ്പടെ മുപ്പതോളം കമ്പനികളില്‍ നിന്നാണ് ക്യാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി വാഗ്ദാനം ലഭിച്ചത്.
കോളജില്‍ നിലവിലുള്ള ബി. ടെക്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, എം.ടെക്, നെറ്റ്വര്‍ക്ക് ആന്റ്സെക്യൂരിറ്റി, കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സിഗ്‌നല്‍ പ്രോസസിംഗ് തുടങ്ങിയ കോഴ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരമുണ്ടായിരുന്നത്. ഇതില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിലെ യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു. മുന്‍ കാലങ്ങളില്‍ മികച്ച കഴിവുള്ള വിദ്യാര്‍ത്ഥികളുണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങളാല്‍ അവസരങ്ങള്‍ കുറവായിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം ക്യാമ്പസ് പ്ലേസ്മെന്റ് ഓണ്‍ലൈന്‍ രീതിയില്‍ നടത്തിയത് കുട്ടികള്‍ പരമാവധി പ്രയോജനപ്പെടുത്തിയതാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് പ്ലേസ്മെന്റ് ഓഫീസര്‍ ഡോ. എം.പി. ഗിലേഷ് പറഞ്ഞു. കോളജില്‍ ഇനിയും മികച്ച രീതിയില്‍ പ്ലേസ്മെന്റ് സൗകര്യം ഒരുക്കുന്നതിനു വേണ്ടി 1.78 കോടിരൂപ ചിലവില്‍ കരിയര്‍ ഗൈഡന്‍സ് പ്ലേസ്മെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ കുട്ടികള്‍ക്കുമുള്ള പ്ലേസ്മെന്റ് സൗകര്യം, പ്ലേസ്മെന്റ് ഡ്രൈവുകള്‍, കരിയര്‍ ഗൈഡന്‍സ് കോഴ്സുകള്‍ എന്നീ സൗകര്യങ്ങളും ഒരുക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പാള്‍ ഡോ.വി.എസ്. അനിത അറിയിച്ചു.