സംസ്ഥാനത്തെ സബ് രജിസ്‌ട്രാർ ഓഫിസുകളിൽ വ്യാപക ക്രമക്കേടും കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി. ഓപ്പറേഷൻ സത്യ ഉജാലയിൽ വിജിലൻസിന്റെ ഇന്നത്തെ മിന്നൽ പരിശോധന വഴിയാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പരിശോധനയിൽ മൂന്ന് ലക്ഷത്തിലധികം രൂപ വിജലൻസ് പിടിച്ചെടുത്തു. മാത്രമല്ല സ്‌ക്വയർ ഫീറ്റ് കുറച്ച് കെട്ടിടങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി വിജിലൻസ് കണ്ടെത്തി.
ക്രമക്കേടുകൾ കണ്ടെത്തിയ ഇടങ്ങളിൽ തുടര്പരിശോധനകൾ നടത്താനും വിജിലൻസ് തീരുമാനിച്ചു. രജിസ്‌ട്രാർ ഓഫീസുകളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി വിജിലൻസിന് നേരത്തെ ചില രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കോഴിക്കോട് കക്കോടി സബ് രജിസ്‌ട്രാർ ഓഫീസിൽ നിന്ന് 1,80,000 രൂപയും പാലക്കാട് സബ് രജിസ്‌ട്രാർഓഫിസിൽ നിന്ന് വിദേശ മദ്യവും കണക്കിൽപ്പെടാത്ത പണവും വിജിലൻസ് പിടികൂടി. അതേസമയം ക്രമക്കേടുകൾ സംബന്ധിച്ച കാര്യങ്ങൾ വിജിലൻസ് സംസ്ഥാന സർക്കാരിനെ ഗൗരവത്തോടെ അറിയിക്കും.