സുവര്‍ണ്ണ നേട്ടം: എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം
കല്‍പ്പറ്റ: നൂല്‍പ്പുഴ, പൂതാടി, മുണ്ടേരി യു.പി.എച്ച്.സി. എന്നിവയ്ക്കു പിന്നാലെ ജില്ലയിലെ 2 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കു കൂടി ദേശീയ അംഗീകാരം. എടവക, പൊഴുതന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് ദേശീയ ഗുണനിലവാര പരിശോധനയില്‍ രാജ്യത്തെ മികച്ച ആതുരാലയങ്ങള്‍ക്കുള്ള അംഗീകാരം ലഭിച്ചത്. ഗുണനിലവാരം വിലയിരുത്തി ദേശീയ തലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമായ എന്‍.ക്യു.എ.എസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ എടവക 91.52 ശതമാനവും പൊഴുതന 85.39 ശതമാനവും മാര്‍ക്ക് നേടി.
ആഗസ്റ്റ് മാസത്തില്‍ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ (എന്‍.എച്ച്.എസ്.ആര്‍.സി) നിയോഗിച്ച സംഘം ആരോഗ്യകേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ വഴി പരിശോധന നടത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രതിനിധികളുടെയും ഡി.എം.ഒ., ഡി.പി.എം അടക്കമുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഇതര ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തന ഫലമാണ് എന്‍.ക്യു.എ.എസ് അംഗീകാരമെന്നു മെഡിക്കല്‍ ഓഫിസര്‍മാരായ ഡോ. എം.ടി. സഗീര്‍ (എടവക), ഡോ. പി.എസ്. സുഷമ (പൊഴുതന) എന്നിവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ ആശുപത്രികളാണ് എടവകയും പൊഴുതനയും. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഒ.പി. കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിങ് കൗണ്ടര്‍, ആവശ്യമായ ഇരിപ്പിടങ്ങള്‍, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, ദിശാസൂചകങ്ങള്‍, ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ആരോഗ്യ ബോധവല്‍ക്കരണ സംവിധാനങ്ങള്‍, രോഗീപരിചരണ സഹായികള്‍, സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാ മുറികള്‍, മാര്‍ഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകള്‍, ആവശ്യത്തിനു ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളാണ് രണ്ട് ആശുപത്രികളിലുമുള്ളത.്